Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

കാസർകോട് വീണ്ടും മോഷണ പരമ്പര; പൂട്ടികിടന്ന വീടുകൾ കുത്തിതുറന്ന് 45 പവനും 9 ലക്ഷവും കവർന്നു, അന്വേഷണം

കാസർകോട് ആളില്ലാത്ത വീടുകളിൽ മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം രണ്ട് വീടുകളിൽ നിന്നായി മോഷ്ടാക്കൾ അടിച്ചെടുത്തത് 45 പവൻ. മഞ്ചേശ്വരത്തും മൊഗ്രാൽപുത്തൂരിലുമാണ് മോഷണം നടന്നത്. മഞ്ചേശ്വരം മച്ചമ്പാടിയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും 9.5 പവൻ സ്വർണ്ണവും ഒൻപത് ലക്ഷം രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. പ്രവാസിയായ ഇബ്രാഹിം ഖലീലിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.കാസർകോട് മൊഗ്രാൽപുത്തൂരിലും ഇബ്രാഹിം എന്നയാളുടെ വീട്ടിലാണ് മറ്റൊരു മോഷണം നടന്നത്. ഇയാളും കുടുംബവും വീട് പൂട്ടി ബന്ധുവീട്ടിൽ പോയ തക്കത്തിനായിരുന്നു മോഷണം. വീട് കുത്തി തുറന്ന് കള്ളൻമാർ അടിച്ചെടുത്തത് 35 പവൻ സ്വർണ്ണാഭരണങ്ങളാണ്. ആളില്ലാത്ത വീട് നോക്കി മോഷണങ്ങൾ പതിവായതോടെ കള്ളന്മാരെ പേടിച്ച് കഴിയുകയാണ് കാസർകോട് ജില്ലയിലുള്ളവർ. അടുത്തിടെ ഉപ്പള, നെല്ലിക്കട്ട, തൃക്കരിപ്പൂര്‍ മംഗൽപ്പാടി എന്നിവിടങ്ങളിലും വ്യാപക മോഷണം നടന്നിരുന്നു. ആളില്ലാത്ത വീട് നോക്കിയാണ് കാസര്‍കോട് ജില്ലയിലെ വിവിധ ഇടങ്ങളില്‍ മോഷണം തുടരുന്നത്. വാതില്‍ പൊളിച്ചോ, കുത്തി തുറന്നോ ആണ് കള്ളന്മാര‍് അകത്ത് കയറുന്നത്.ഇതിനിടെ കഴിഞ്ഞ ദിവസം ആലുവയ്ക്കടുത്ത് ആലങ്ങാട് പലചരക്ക് കടകുത്തിത്തുറന്ന് മോഷ്ടാക്കൾ ഇരുപതിനായിരം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു. ഇവിടെ നിന്നും അയ്യായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. വെളിയത്തുനാട് പറേലിപളളത്തെ റഷീദിന്‍റെ കടയിലാണ് മോഷണം. ഹെൽമറ്റും ഗ്ലൗസും ധരിച്ചെത്തിയ രണ്ടുപേർ കമ്പിപ്പാര ഉപയോഗിച്ച് കടകുത്തിത്തുറന്ന് അകത്തുകയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും കിട്ടിയിട്ടുണ്ട്. വൃക്ക രോഗിയായ റഷീദ് നാട്ടുകാരുടെ സഹായത്തോടെയാണ് കട തുടങ്ങിയിരുന്നത്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.