കാസർഗോഡ് പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു. പ്രതിയെ കണ്ടതും ആക്രമിക്കാൻ തുനിഞ്ഞ നാട്ടുകാരെ നിയന്ത്രിക്കുക ശ്രമകരമായ മാറി. ആന്ധ്രയിലെ അഡോണിയിൽ വെച്ച് കഴിഞ്ഞ ദിവസമാണ് പ്രതി പിടിയിലായത്. കമ്മൽ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരുമെന്ന് കരുതി എടുത്തുകൊണ്ട് പോയി. ബഹളം വച്ച കുട്ടിയെ കൊന്നുകളയുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും പ്രതി പൊലീസിന് മൊഴി നൽകി. കൊടക്, നാപ്പോകുവിലെ പി.എ. സലീം എന്ന സൽമാനാണ് പിടിയിലായത്.
റിപ്പോർട്ടുകൾ പ്രകാരം, വീട്ടിലേക്ക് വിളിച്ച ഒരു ഫോൺ കോളാണ് പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായത്. പ്രതി അധികം ഫോൺ ഉപയോഗിക്കാത്തതിനാൽ ഇയാളുടെ ഒളിത്താവളം കണ്ടെത്താൻ പോലീസ് നന്നേ ബുദ്ധിമുട്ടി. എന്നാൽ, ഇയാൾ ആന്ധ്രാപ്രദേശിലുണ്ടെന്ന് വിവരം ലഭിച്ച നിമിഷം തന്നെ ഒരു സംഘം അങ്ങോട്ടേക്ക് പുറപ്പെട്ട് ഇയാളെ പിടികൂടുകയായിരുന്നു.
കുറ്റകൃത്യം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതിയെ കുറിച്ച് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്. പ്രതി വർഷങ്ങളായി പെൺകുട്ടിയുടെ വീടിന്റെ സമീപപ്രദേശത്താണ് താമസം. എന്നാൽ മെയ് 15 ന് ഇയാൾ നാട്ടിൽ നിന്നും അപ്രത്യക്ഷനായി. പെട്ടെന്നുള്ള തിരോധാനത്തിൽ പോലീസിന് സംശയം തോന്നി. തുടർന്നുള്ള അന്വേഷണത്തിൽ കുറ്റകൃത്യത്തിൽ ഇയാളുടെ പങ്ക് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. പ്രതിയുടെ മുഖം വെളിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.കാഞ്ഞങ്ങാട് സ്വദേശിയെ വിവാഹം കഴിച്ച് 14 വർഷം മുൻപാണ് ഇയാൾ ഇവിടെയെത്തിയത്. പെൺകുട്ടിയുടെ വീട് ഇയാൾക്ക് പരിചയമുണ്ടായിരുന്നു. രണ്ട് വർഷം മുമ്പ് മേൽപറമ്പ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്‌സോ കേസിലെ പ്രതിയാണ് ഇയാൾ. ബന്ധുവായ 14 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. പെൺകുട്ടിയെ സ്‌കൂട്ടറിൽ കയറ്റി അടൂർ വനമേഖലയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ സുള്ള്യ, കൂർഗ് സ്‌റ്റേഷനുകളിൽ മാലപൊട്ടിക്കൽ കേസുകളിൽ പരാതി നിലനിൽക്കുന്നുണ്ട്.