പ്രകാശത്തിന്റെ ഉത്സവമായ വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക വരുന്നത് 2022 ഡിസംബര്‍ 7 ബുധനാഴ്ചയാണ്. കാര്‍ത്തികൈദീപം ഉത്സവത്തില്‍ തമിഴ് നാട്ടില്‍ സുബ്രഹ്‌മണ്യപൂജയ്ക്കാണു പ്രാധാന്യം നല്‍കുന്നതെങ്കിലും കേരളത്തില്‍ തൃക്കാര്‍ത്തിക ദേവീപ്രധാനമായാണ് ആഘോഷിക്കുന്നത്. വീടുകളിലും ക്ഷേത്രങ്ങളിലും മണ്‍ചെരാതുകളില്‍ കാര്‍ത്തിക ദീപം (Thrikkarthika deepam) തെളിച്ചാണ് ദിനം ആഘോഷിക്കുന്നത്. ലക്ഷ്മീദേവിയുടെ പ്രീതിയ്ക്കായി വീടും പരിസരങ്ങളും ദീപങ്ങളാല്‍ അലങ്കരിക്കുന്ന ആഘോഷവേളയാണ് വൃശ്ചിക തൃക്കാര്‍ത്തിക നാള്‍. യശോദയുടെ മകളായി പിറന്ന് ശ്രീകൃഷ്ണരക്ഷ ചെയ്ത മായാദേവിയെപ്പറ്റി ഭാഗവതം ദശമസ്‌കന്ദത്തില്‍ പറയുണ്ട്. ആ ദേവി തന്നെയാണ് കാശിയെന്ന് അഗ്‌നിപുരാണത്തില്‍ സൂചിപ്പിക്കുന്നു. വൃശ്ചികത്തിലെ കാര്‍ത്തിക നാളിലാണ് ദേവി ജനിച്ചതെന്നാണ് സങ്കല്പം. അന്ന് വീടുകളില്‍ ചുറ്റുവിളക്ക് കൊളുത്തി ദേവിയുടെ ജന്മദിനം ആഘോഷിക്കുന്നു.
സുബ്രഹ്‌മണ്യന്റെ ജന്മനാളാണെന്ന സങ്കല്‍പവും ചിലയിടങ്ങളില്‍ കാര്‍ത്തിക വിളക്ക് ആഘോഷത്തിന് പിന്നിലുണ്ട്. ദേവിയുടെ ഭര്‍ത്താവായിത്തീര്‍ന്ന പാലകന്‍ പിറന്ന ദിവസമായി വൃശ്ചികത്തിലെ കാര്‍ത്തികയെപ്പറ്റി ഭദ്രാകളിപ്പാട്ടിന്റെ വടക്കന്‍ ചീരിലെ അഞ്ചാം കാതത്തില്‍ പറയുന്നു.