കോഴിക്കോട്: കാപ്പാട് ദുൽഹജ്ജ് മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ ബലിപെരുന്നാൾ ഈമാസം 17 തിങ്കളാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. നാളെ ദുൽഹജ്ജ് ഒന്നും ജൂൺ 17നു ബലിപെരുന്നാളും ആയിരിക്കും. കാപ്പാടിനു പുറമെ കടലുണ്ടി, പൊന്നാനി, കാസർഗോഡ് എന്നിവിടങ്ങളിലും മാസപ്പിറ കണ്ടു.പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ, മറ്റു ഖാസിമാരായ ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, തിരുവനന്തപുരം പാളയം ഇമാം വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, ഇബ്രാഹീം ഖലീലുൽ ബുഖാരി, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ, നാസർഹയ്യ് ശിഹാബ് തങ്ങൾ എന്നിവരാണു മാസപ്പിറവി വിവരം അറിയിച്ചത്.
ഒമാൻ ഒഴികെയുള്ള ഗൽഫ് രാജ്യങ്ങളില്‍ 16ന്
സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫാ ദിനം ഈ മാസം 15 ശനിയാഴ്ച്ചയും ബലിപെരുന്നാൾ 16 ഞായറാഴ്ചയും ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ 16ന് ആഘോഷിക്കും. ഒമാനില്‍ മാസപ്പിറവി കാണാത്തതിനാൽ ബലി പെരുന്നാൾ ഈ മാസം 17നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.സൗദിയിലെ ഹരീഖിൽ ആണ് ദുൽഹജ് മാസപ്പിറ ദൃശ്യമായത്. ഇതോടെ ഹജ് തീർത്ഥാടനത്തിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേയ്ക്ക് തീർത്ഥാടകരും അധികൃതരും കടന്നു. ദുൽഹജ് ഏഴിന് വൈകിട്ടോടെ തന്നെ ഹാജിമാർ മക്കയിൽ നിന്ന് മിനായിലേക്ക് നീങ്ങിത്തുടങ്ങും. ദുൽഹജ് 13 ന് ചടങ്ങുകൾ അവസാനിക്കും.