കൊച്ചി: കളമശ്ശേരി യഹോവസാക്ഷികളുടെ സമ്മേളനത്തില്‍ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
ഐ.ഇ.ഡിയില്‍ (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ച ബാറ്ററിയുടെ ഭാഗമാണ് കണ്ടെത്തിയത്.
കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടായ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ബാറ്ററിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്.
ഒന്നില്‍ കൂടുതല്‍ ബാറ്ററി അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.
സ്‌ഫോടനമുണ്ടായ സമയത്ത് സംഭവസ്ഥലത്തുനിന്നും ഒരു നീല മാരുതി സുസുകി ബലേനോ കാര്‍ പുറത്തേക്ക് പോയിരുന്നു.
ഇതിന്റെയടക്കമുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചു. കാറിലുണ്ടായിരുന്നവരാണോ സ്‌ഫോടനത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
എന്നാല്‍, ഇതുസംബന്ധിച്ച വിവരങ്ങളൊന്നും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സ്‌ഫോടനസ്ഥലത്തുനിന്നു തന്നെ പിന്നിലുള്ളവരിലേക്ക് എത്തുന്ന വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജന്‍സികള്‍.
അതേസമയം, ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കളമശ്ശേരിയില്‍ യഹോവസാക്ഷികളുടെ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വാഹനങ്ങള്‍ പരിശോധിച്ചുവരികയാണ്.
സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
സമ്മേളനത്തില്‍ പങ്കെടുത്തവരെ പോകാന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അവരുടെ കൈവശമുണ്ടായിരുന്ന വസ്തുക്കളും വാഹനങ്ങളും കൊണ്ടുപോകാന്‍ അനുവദിച്ചിട്ടില്ല.
സമ്മേളനത്തില്‍ പങ്കെടുത്തവരെ അവര്‍ക്ക് പോകേണ്ട ഇടങ്ങളില്‍ എത്തിക്കാന്‍ ജില്ലാ ഭരണകൂടം വാഹനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പത്തോളം ബസുകളിലായി ഇവരെ അവരുടെ വീടുകളില്‍ എത്തിക്കും. എന്നാല്‍ ഇവരുടെ വാഹനങ്ങളും മറ്റും വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ വിട്ടുനല്‍കുകയുള്ളൂ.
രണ്ടുതരത്തതിലുള്ള സ്‌ഫോടനമാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. വിദൂരനിയന്ത്രിക സ്‌ഫോടനക വസ്തുക്കള്‍ ഉപയോഗിച്ചോ ടൈമര്‍ നിയന്ത്രിത സ്‌ഫോടന വസ്തു ഉപയോഗിച്ചോ ആവാം ആക്രമണം ഉണ്ടായത്. ഏത് തരത്തിലുള്ള ആക്രമണമാണ് ഉണ്ടായതെന്ന് അന്വേഷിക്കേണ്ടതുണ്ട്. വിദൂര നിയന്ത്രിക സംവിധാനമാണ് ഉപയോഗിച്ചതെങ്കില്‍ സമ്മേളനം നടന്ന കോംപൗണ്ടില്‍ ഉണ്ടായിരുന്ന വാഹനത്തിലിരുന്നാവാം നിയന്ത്രിച്ചതെന്ന നിഗമനത്തിലാണ് വാഹനങ്ങള്‍ പരിശോധിക്കുന്നത്.
സമ്മേളനം നടന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്ന് സ്‌ഫോടനം ഉണ്ടായെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. എന്നാല്‍, രണ്ടു സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്നാണ് സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മന്ത്രിമാര്‍ അറിയിച്ചത്. സ്‌ഫോടനത്തെത്തുടര്‍ന്ന് തീപ്പടര്‍ന്നാണ് ഒരു സ്ത്രീ മരിച്ചതെന്നും ഇവര്‍ അറിയിച്ചിരുന്നു. ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായതാണ് പോലീസ് നിഗമനം.