കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസില്‍ പ്രതി മാര്‍ട്ടിന്‍ ഡൊമിനിക്കുമായി ഇന്നും തെളിവെടുപ്പ്. പ്രതി ഗുണ്ട് വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കകടയിലാണ് ഇന്ന് രാവിലെ തെളിവെടുപ്പ് നടത്തിയത്.
കടയില്‍ എത്തിച്ച പ്രതിയെ കടയുടമ തിരിച്ചറിഞ്ഞു. ബോംബ് നിര്‍മിക്കാന്‍ ആവശ്യമായ ഗുണ്ടുകള്‍ വാങ്ങിയത് ഇവിടെനിന്നാണെന്ന് പ്രതി വെളിപ്പെടുത്തിയിരുന്നു.
പടക്കകടയിലെ തെളിവെടുപ്പിന് ശേഷം ബോംബ് നിര്‍മിക്കാന്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ വാങ്ങിയ പള്ളുരുത്തിയിലെ കട, പെട്രോള്‍ വാങ്ങിയ തൃപ്പൂണിത്തുറയിലെ പമ്പ് എന്നിവിടങ്ങളിലും പ്രതിയെ കൊണ്ടുപോയേക്കും. തമ്മനത്തെ പ്രതിയുടെ വീട്ടിലും വ്യാഴാഴ്ച തെളിവെടുപ്പുണ്ടാകും.
പോലീസ് നടപടികളുമായി പ്രതി പൂര്‍ണമായും സഹകരിക്കുന്നുണ്ട്.
സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലും കഴിഞ്ഞദിവസം പ്രതിയുമായി തെളിവെടുപ്പ് നടത്തിയിരുന്നു.
കൃത്യം നടത്തിയത് ഒറ്റയ്ക്കാണെന്നും മറ്റുള്ളവരുടെ സഹായമില്ലെന്നുമാണ് തെളിവെടുപ്പിനിടെ പ്രതി ആവര്‍ത്തിച്ചത്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം മറ്റാരും ഏറ്റെടുക്കാതിരിക്കാനാണ് താന്‍ കുറ്റസമ്മതം നടത്തിയതെന്നും മാര്‍ട്ടിന്‍ പോലീസിനോട് പറഞ്ഞിരുന്നു.
ബോംബ് വെച്ചതെങ്ങനെയെന്നും ഹാളിലേക്ക് കയറിപ്പോയ വഴിയും തിരിച്ച് സ്‌കൂട്ടറില്‍ മടങ്ങിയ വഴിയും പ്രതി കാണിച്ചുകൊടുത്തു.
കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.
സ്‌ഫോടനത്തില്‍ പരിക്കേറ്റ 19 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രണ്ടുപേരുടെ നില ഗുരുതമായി തുടരുന്നു.