പത്തനംതിട്ട: ‘ഐ ലവ് യു അമ്മുക്കുട്ടി’ എന്ന് സ്വന്തം രക്തത്താൽ കുറിച്ച് അരുണും ജീവനൊടുക്കി.
പന്തളത്ത് കഴിഞ്ഞദിവസം തൂങ്ങിമരിച്ച ലിജിയുടെ ഭർത്താവ് അരുണിനായുള്ള തെരച്ചിലിനൊടുവിൽ മൃതദേഹം അച്ചൻകോവിലാറ്റിൽനിന്ന് കണ്ടെത്തുകയായിരുന്നു.
ഇയാളുടെ കാറിനുള്ളിലാണ് രക്തംകൊണ്ട് ഭാര്യയോടുള്ള സ്നേഹം അവസാനമായി പ്രകടിപ്പിച്ചത്.
ഭാര്യ ആത്മഹത്യ ചെയ്തതിനെ തുടർന്ന് അച്ചൻകോവിലാറ്റിൽ ചാടിയ പന്തളം കുളനട വടക്കേക്കരപ്പടി ശ്രീനിലയത്തിൽ അരുൺ ബാബുവിൻ്റെ (31) മൃതദേഹം 10 കിലോമീറ്റർ അകലെ വഴുവാടിക്കടവിനു സമീപമാണ് കണ്ടെത്തിയത്.
ഫയർ ഫോഴ്സ് കരയ്ക്കെടുത്ത മൃതദേഹം അരുൺ ബാബുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി തിരിച്ചറിഞ്ഞു.
അരുൺ ബാബുവിന്റെ ഭാര്യ ലിജിയെ (അമ്മു – 25) ശനിയാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻതന്നെ അരുൺ ബാബു ലിജിയെയുംകൊണ്ട് പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെ കാറുമായി അരുൺ ബാബുവിനെ ഇവിടെനിന്ന് കാണാതായി.