അബുദാബിയിലെ പുതിയ ബാപ്സ് ഹിന്ദു ക്ഷേത്രം ആഗോള ഐക്യത്തിന്റെയും
മതസൗഹാർദത്തിന്റെയും പ്രതീകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പാരമ്പര്യത്തിന്റെ പ്രതീകമാണ് ഈ ക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു. യുഎഇ
പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് നന്ദി അറിയിച്ച പ്രധാനമന്ത്രി
ഭാരതീയരുടെ ഹൃദയം ആനന്ദം കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും പറഞ്ഞു. വളരെ
വലിയ താത്പര്യമാണ് യുഎഇ ഭരണാധികാരികൾ ഹിന്ദു ക്ഷേത്രത്തിന്റെ
നിർമാണത്തിനായി കാട്ടിയതെന്നും അദ്ദേഹം എടുത്ത് പറഞ്ഞു. ഇളം പിങ്ക്
നിറത്തിലുള്ള സിൽക്ക് ധോത്തിയും കുർത്തയും സ്ലീവ്‌ലെസ് ജാക്കറ്റും അണിഞ്ഞാണ്
പ്രധാനമന്ത്രി ക്ഷേത്രോദ്ഘാടന ചടങ്ങിനെത്തിയത്.യുഎഇയുടെ അഭിമാനമായ
മന്ദിരങ്ങൾക്ക് ഒപ്പം ഹിന്ദു ക്ഷേത്രം കൂടി ഇടം പിടിക്കുകയാണെന്ന് പ്രധാനമന്ത്രി
പറഞ്ഞു. പിന്നാലെ യുഎഇ ഭരണാധികാരിക്ക് സദസ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് നന്ദി
അറിയിച്ചു. യുഎഇയും ഇന്ത്യയും പുരാതന ബന്ധങ്ങളിൽ പുതിയ അധ്യായം
ചേർക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അബുദാബിയിലെ ക്ഷേത്രം കേവലം
പ്രാര്‍ത്ഥനാ കേന്ദ്രമല്ലെന്നും പാരമ്പര്യത്തിന്റെ പ്രതീകമാണെന്നും പറഞ്ഞ അദ്ദേഹം
ഇന്ത്യക്ക് അമൃത്കാൽ സമയമാണെന്നും പറഞ്ഞു.