ഊട്ടിയിൽ കനത്ത മഴ. പർവത ട്രെയിൻ സർവീസ് റദ്ദാക്കി. റെയിൽവേ ട്രാക്കിൽ പാറകൾ വീണു. തേനി ദിണ്ടിഗൽ, തെങ്കാശി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്. മേട്ടുപ്പാളയത്ത് നിന്നും ഊട്ടിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന പൈതൃക ട്രെയിന്‍റെ യാത്ര റദ്ദാക്കി. പാറ നീക്കി അറ്റകുറ്റപ്പണികള്‍ക്ക് ശേഷമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
കല്ലാര്‍ സ്റ്റേഷന് സമീപത്തായാണ് ട്രാക്കിലേക്ക് പാറ ഉരുണ്ട് വീണത്. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഊട്ടിയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ വിനോദ സഞ്ചാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മേട്ടുപ്പാളയം–ഉദഗമണ്ഡലം ( 06136) ട്രെയിനാണ് റദ്ദാക്കിയത്.പാതയിൽനിന്നും മണ്ണ് പൂർണമായി നീക്കിയതിനുശേഷമേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ. യാത്രക്കാർക്ക് റീഫണ്ട് നൽകുമെന്ന് റെയിൽവേ അറിയിച്ചു. കനത്ത മഴയുണ്ടാകാനുള്ള മുന്നറിയിപ്പുള്ളതിനാൽ നീലഗിരി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുദിവസത്തേക്ക് ഊട്ടി യാത്ര ഒഴിവാക്കണമെന്നും നീലഗിരി ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു.