Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ഗവർണറും മുഖ്യമന്ത്രിയും നാളെ ഒരു വേദിയിൽ: മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ ഇന്ന് കേരളത്തിലെത്തും

കെബി ഗണേഷ് കുമാറിന്റെയും രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും സത്യപ്രതിജ്ഞ നാളെ (ഡിസംബർ 29) നടക്കും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടത്തുന്നതിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകീട്ട് തലസ്ഥാനത്തെത്തും. നിലവിൽ ഡല്‍ഹിയിലാണ് ഗവർണറുള്ളത്. 29ന് വൈകീട്ട് നാലുമണിക്കാണ് സത്യപ്രതിജ്ഞ നടക്കുക.രാജ്ഭവനിലെ പാർക്കിങ് ഏരിയയിലാണ് സത്യപ്രതിജ്ഞാ വേദി ഒരുക്കിയിരിക്കുന്നത്. ആയിരം പേർക്ക് ഇരിക്കാവുന്നതാണ് വേദി. ചടങ്ങിനു വേണ്ടിയാണ് ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെത്തുന്നത്. പിന്നീട് മുംബൈക്ക് പോകും.
ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങൾക്കിടയിലാണ് ഇരുവരും പങ്കെടുക്കേണ്ട ചടങ്ങ് നടക്കുന്നത്. ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധങ്ങൾ വ്യാപകമായിരുന്നു. വിമാനത്താവളത്തിൽ വന്നിറങ്ങുന്ന ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനിലേക്കുള്ള യാത്രാവീഥിയിൽ കനത്ത സുരക്ഷയാണ് ഏർപ്പാടാക്കിയിരിക്കുന്നത്.അതെസമയം പുതിയ മന്ത്രിമാരിലൊരാളായ കെബി കഗണേഷ് കുമാറിന് മറ്റൊരു വകുപ്പു കൂടി വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. സിനിമാ വകുപ്പാണ് തനിക്ക് വേണമെന്ന് ഗണേഷ് കുമാർ ആഗ്രഹിക്കുന്നത്. പുതിയ വീട് വേണ്ടെന്നും എന്നാൽ പുതിയ വകുപ്പ് വേണമെന്നുമാണ് ആവശ്യം. നിലവിൽ മന്ത്രി സജി ചെറിയാനാണ് സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഈ ആവശ്യം അനൗദ്യോഗികമായി ഉന്നയിക്കുകയാണ് കേരളാ കോൺഗ്രസ് ബി ചെയ്തിരിക്കുന്നത്.

Leave A Reply

Your email address will not be published.