കൊല്ലം: റോബിൻ ബസ് വിഷയത്തിൽ പ്രതികരണവുമായി മുൻ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ എംഎൽഎ. റോബിൻ ബസുടമ ഹൈക്കോടതിയെ സമീപിക്കണമെന്നും അനുകൂല വിധി നേടി സർവീസ് നടത്തട്ടെയെന്നും ഗണേഷ് കുമാർ പറഞ്ഞു. ഇത്ര വാശി വേണോ?. എന്തിനാണ് വഴക്കും ദുഷ്പ്രചരണങ്ങളും നടത്തുന്നത്?. കോടതിയെ സമീപിച്ചാൽ ഒരാഴ്ചക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നും അനുകൂല വിധി ഉണ്ടായാൽ ബസ് പിന്നീട് ആര് തടയാനാണെന്നും ഗണേഷ് കുമാർ ചോദിച്ചു.”സർവീസ് നടത്താൻ അനുമതിയുണ്ടെന്ന് ബസുടമ പറയുമ്പോൾ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുക. ഹൈക്കോടതി അനുമതി നൽകിയാൽ സർവീസ് നടത്തുക. നിയമത്തിൽ നമുക്കൊരു ആനുകൂല്യമുണ്ട്. ആ ആനുകൂല്യം സർക്കാർ തരുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാമല്ലോ. വർത്തമാനം പറയുന്നതിനും ബഹളം വെക്കുന്നതിനും പകരം അദ്ദേഹം നേരെ ഹൈക്കോടതിയിൽ പോകട്ടെ. അദ്ദേഹത്തിന് ബസ് ഓടിക്കാമെന്ന് ഹൈക്കോടതി പറയട്ടെ. അപ്പോൾ ആരെങ്കിലും തൊടുമോ?, അതിന് ധൈര്യമുണ്ടാകുമോ?” – ഗണേഷ് കുമാർ ചോദിച്ചു.