കൊച്ചി : അസമയത്തെ വെടിക്കെട്ട് വിലക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിക്കണമെന്ന ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്.
കോടതിയുടെ പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിള്‍ ബെഞ്ച് പരിശോധിച്ചതെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.
നേരത്തെ അസമയത്ത് വെടിക്കെട്ട് പാടില്ലെന്ന ഉത്തരവിനെതിരെ ഒട്ടേറെ ക്ഷേത്രങ്ങളും ദേവസ്വങ്ങളും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
ക്ഷേത്രാചാരങ്ങളില്‍ രാത്രിവെടിക്കെട്ട് ഒഴിവാക്കാനാവില്ലെന്നും ദേവസ്വങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപ്പീല്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം.
ഹൈക്കോടതി ഉത്തരവ് നവംബറിലാരംഭിച്ച് ഏപ്രിലില്‍ അവസാനിക്കുന്ന സംസ്ഥാനത്തെ ഉത്സവ കാലത്തെ പ്രതിസന്ധിയിലാക്കുമെന്നാണ് ക്ഷേത്രങ്ങളുടെ വാദം. തൃശൂര്‍ പൂരം പോലെയുള്ള വലിയ ഫെസ്റ്റിവലുകളിലും രാത്രിവെടിക്കെട്ട് പ്രധാനപ്പെട്ടതാണ്. ഇപ്പോഴത്തെ ഹൈക്കോടതി ഉത്തരവ് തൃശൂര്‍ പൂരത്തെ ബാധിക്കില്ലെന്ന വിലയിരുത്തലും ദേവസ്വങ്ങള്‍ക്കുണ്ട്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അസമയത്ത് നടത്തുന്ന വെടിക്കെട്ട് ഹൈക്കോടതി നിരോധിച്ചത്. വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതത് ജില്ല കളക്‌ടർമാർ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഉത്തരവിന് ശേഷവും വെടിക്കെട്ട് നടത്തിയാല്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.