ന്യൂഡൽഹി: ജില്ലാ ജഡ്ജിക്കെതിരെ ലൈംഗികാതിക്രമണ ആരോപണമുന്നയിച്ചുള്ള വനിതാ ജഡ്ജിയുടെ പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. സംഭവത്തിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെയാണ് ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലെ വനിതാ ജഡ്ജി ആത്മഹത്യ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്തയച്ചത്. പിന്നാലെ തന്നെ സമൂഹമാധ്യമങ്ങളിൽ കത്ത് ചർച്ചയാകുകയും ചെയ്തിരുന്നു. ബാന്ദ ജില്ലാ ജഡ്ജിക്കെതിരെയാണ് ഇവർ പരാതിയുന്നയിച്ചിരിക്കുന്നത്.വിഷയത്തിൽ അലഹബാദ് ഹൈക്കോടതിയോടാണ് ചീഫ് ജസ്റ്റിസ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ഉടൻ തന്നെ മറുപടി നൽകാനും ചീഫ് ജസ്റ്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്. തുറന്ന കത്ത് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും ഇന്നലെ രാത്രി സെക്രട്ടറി ജനറലിനെ ഫോണിൽ അറിയിച്ചിരുന്നു.സംഭവത്തിൽ ജൂലൈ മാസത്തിൽ തന്നെ വനിതാ ജഡ്ജി പരാതി നൽകിയിരുന്നു. എന്നാൽ, തന്റെ ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും എന്നാൽ, അന്വേഷണം വെറും “പ്രഹസനവും വ്യാജവുമായിരുന്നു” എന്നും വനിതാ ജഡ്ജി തന്റെ കത്തിൽ കുറിക്കുന്നു. തൻ്റെ പോസ്റ്റിങ്ങിൻ്റെ സമയത്ത് ജില്ലാ ജഡ്ജിയും അദ്ദേഹത്തിൻ്റെ സഹായികളും ചേർന്ന് ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി.
ജില്ലാ ജഡ്ജി ലൈംഗികമായി അതിക്രമം നടത്തിയതായും രാത്രിയിൽ തന്നെ വന്ന കാണാൻ നിർദ്ദേശിച്ചുവെന്നും പരാതിയിലുണ്ട്. കടുത്ത വേദനയും നിരാശയുമുണ്ടായ സാഹചര്യത്തിലാണ് കത്തെഴുതിയതെന്നും ജഡ്ജി പറയുന്നു. സാധാരണക്കാർക്ക് നീതി ലഭ്യമാക്കുമെന്ന വിശ്വാസത്തോടെയാണ് ഞാൻ ജുഡീഷ്യൽ സർവീസിൽ ചേർന്നത്. അതേസമയം, നീതിക്ക് വേണ്ടി യാചിക്കേണ്ടി വരുന്ന അവസ്ഥയാണ് തനിക്കെന്നും അവർ പറയുന്നു. മേലുദ്യോഗസ്ഥൻ ഡയസിൽ പോലും മോശം പദങ്ങൾ ഉപയോഗിച്ച് തന്നെ അപമാനിച്ചുവെന്നും കത്തിൽ പറയുന്നുണ്ട്.