പാലക്കാട്: കേരളത്തിലെ ഏറ്റവും സുന്ദരമായ റെയിൽവേ ലൈൻ ഷൊർണൂർ – നിലമ്പൂർ പാത വൈദ്യുതീകരണം പുരോഗമിക്കുന്നു. മേലാറ്റൂർ റെയിൽവേ സ്റ്റേഷനിലെ ട്രാക്ഷൻ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കാൻ ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ തുടങ്ങി. ചേലക്കുളം 110 കെവി സബ് സ്റ്റേഷനിൽനിന്നാണ് ട്രാക്ഷൻ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നത്.രണ്ട് കിലോമീറ്റർ നീളത്തിൽ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നത്. മേലാറ്റൂർ റെയിൽവേ സ്റ്റേഷനോട് ചേർന്ന് ട്രാക്ഷൻ സബ് സ്റ്റേഷന്‍റെ നിർമാണം അതിവേഗതയിൽ പുരോഗമിക്കുന്നുണ്ട്. പൂർത്തിയാകുന്നതിനനുസരിച്ച് വൈദ്യുതി എത്തിച്ച് പാതയിൽ വൈദ്യുതീകരണം നടപ്പാക്കും.110 കെവി സബ് സ്റ്റേഷനിൽനിന്ന് മേലാറ്റൂർ പാണ്ടിക്കാട് റോഡരികിലൂടെയാണ് ഭൂഗർഭ കേബിൾ കൊണ്ടുപോവുന്നത്. വലിയ കേബിളുകൾ കൂട്ടിയോജിപ്പിച്ചാണ് ഇത്. യന്ത്രം ഉപയോഗിച്ചാണ് കേബിൾ കൊണ്ടുപോകാനുനുള്ള ചാലൊരുക്കുന്നത്. പ്രവർത്തികൾ പൂർത്തിയായാലുടൻ വൈദ്യുതീകരണം ആരംഭിയ്ക്കും. വൈദ്യുതീകരണ പ്രവർത്തികൾക്കായി 4,000ത്തിലേറെ മരങ്ങളാണ് ഇതുവരെ വെട്ടിമാറ്റിയത്. വിവിധ ഭാഗങ്ങളിലായി ഇനിയും മരം വെട്ടാനുണ്ട്.
വൈദ്യുതീകരണം പൂർത്തിയാകുന്നതിനനുസരിച്ച് മെമു സർവീസ് ഉൾപ്പെടെ നിലമ്പൂർ – ഷൊർണൂർ പാതയിൽ ആരംഭിക്കുമെന്നാണ് കരുതുന്നത്. യാത്രാവേഗം വർധിക്കുമെന്നതും മേഖലയിലെ വികസനത്തിന് കരുത്തേകും. 2024 മാർച്ചിലാകും വൈദ്യുതീകരണം പൂർത്തിയാവുക. നേരത്തെ 2023 ഡിസംബറിൽ വൈദ്യുതീകരണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.