തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതിയും കേന്ദ്രാവഗണനയും ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തെ കൂടി ക്ഷണിച്ചതിന് നന്ദിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള പ്രശ്നങ്ങള്‍ മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ ചില കാര്യങ്ങളോട് പ്രതിപക്ഷത്തിനും യോജിപ്പുണ്ട്. ഇക്കാര്യങ്ങള്‍ നേരത്തെ തന്നെ യുഡിഎഫ് എം.പിമാരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര ധനകാര്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതുമാണെന്ന് സതീശൻ പറഞ്ഞു.കേരളം നേരിടുന്ന എല്ലാ ധനപ്രതിസന്ധിക്കും കാരണം കേന്ദ്രത്തിന്റെ അവഗണനയാണെന്ന നരേറ്റീവിനോട് യോജിക്കാനാകില്ലെന്ന നിലപാട് ഞങ്ങള്‍ യോഗത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. ധനപ്രതിസന്ധിക്കുള്ള നിരവധി കാരണങ്ങളില്‍ ഒന്നു മാത്രമാണ് കേന്ദ്രാവഗണന. നികുതി ഭരണത്തിലെ കെടുകാര്യസ്ഥത ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുണ്ട്. ഇക്കാര്യങ്ങള്‍ രണ്ട് ധവളപത്രങ്ങളിലൂടെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതും മുന്നറിയിപ്പ് നല്‍കിയിരുന്നതുമാണ്. അന്നൊന്നും പ്രതിപക്ഷ വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതിരുന്ന സര്‍ക്കാര്‍, ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പ്രതിപക്ഷത്തെ ചര്‍ച്ചയ്ക്ക് വിളിച്ചതിന് പിന്നില്‍ സംസ്ഥാന താല്‍പര്യം മാത്രമല്ല രാഷ്ട്രീയ താല്‍പര്യവും ഉണ്ടെന്ന് യു.ഡി.എഫ് സംശയിക്കുന്നുവെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി.