കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ കാണാതായ സൈനബയുടെ മൃതദേഹം ലഭിച്ചു. നാടുകാണി ചുരത്തിലെ ഗണപതി കല്ലിന് സമീപം താഴ്ചയിൽ നിന്നാണ് മൃതദേഹം പോലീസ് കണ്ടെത്തിയത്.
മൃതദേഹം സൈനബയുടേത് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പോലീസിനൊപ്പം ഉണ്ടായിരുന്ന മകനാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
കസബ പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
പ്രതിയായ സമദ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിക്കും. സൈനബയുടെ മൃതദേഹമാണോ എന്ന് സ്ഥിരീകരിക്കാനുള്ള ശാസ്ത്രീയ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.
നവംബർ ഏഴിനാണ് സൈനബയെ കാണാതാകുന്നത്. ഏഴാം തീയതി ഉച്ചയോടെ സൈനബയെ സുഹൃത്ത് മലപ്പുറം സ്വദേശി സമദും സുഹൃത്തായ ഗൂഢല്ലൂര്‍ സ്വദേശി സുലൈമാനും ചേര്‍ന്ന് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് പുതിയ സ്റ്റാന്റ് പരിസരത്ത് നിന്ന് കാറില്‍ കയറ്റി കൊണ്ടുപോയത്. മുക്കം ഭാഗത്ത് വെച്ച് കാറില്‍ വെച്ച് സൈനബയെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം നാടുകാണി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ഇടുകയായിരുന്നെന്നാണ് മൊഴി.