നിറം ചേര്‍ത്ത പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍. ഇവയില്‍ ചേര്‍ക്കുന്ന റോഡമൈന്‍-ബി പോലുള്ള കൃത്രിമ നിറങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് തിങ്കളാഴ്ച അറിയിച്ചു. വിവിധ ഭക്ഷ്യവസ്തുക്കളില്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം സംബന്ധിച്ച് വര്‍ധിച്ചുവരുന്ന ആശങ്കകൾ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പങ്കുവെച്ചു. സുരക്ഷിതമായ ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. സുരക്ഷിതമല്ലാത്ത ഭക്ഷണരീതികള്‍ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. പഞ്ഞിമിഠായി, ഗോബി മഞ്ചൂരിയന്‍ എന്നിവയെക്കുറിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അടുത്തിടെ നടത്തിയ അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ അദ്ദേഹം പത്രസമ്മേളനത്തിൽ വിവരിച്ചു.വിവിധ ഹോട്ടലുകളില്‍ നിന്നുമായി 171 സാംപിളുകളാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി ശേഖരിച്ചത്. റോഡമൈന്‍-ബി, ടാര്‍ട്രാസൈന്‍ തുടങ്ങിയ രാസവസ്തുക്കള്‍ ഇത്തരം ഭക്ഷ്യവസ്തുക്കള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്നും അത് സുരക്ഷിതമല്ലെന്നും മന്ത്രി പറഞ്ഞു. ഭക്ഷണം തയ്യാറാക്കുമ്പോള്‍ ഇത്തരം രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന ഭക്ഷ്യശാലയ്‌ക്കെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഭക്ഷണത്തില്‍ രാവസ്തുക്കള്‍ കണ്ടെത്തിയാല്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉത്തരവ് ലംഘിക്കുന്ന സ്ഥാപനത്തിന്റെ ഉടമകള്‍ക്ക് ഉള്‍പ്പടെ ഏഴ് വര്‍ഷം തടവ് ശിക്ഷ ലഭിക്കുമെന്നും ഉത്തരവ് പാലിച്ചില്ലെങ്കില്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, വെള്ളനിറത്തിലുള്ള പഞ്ഞിമിഠായികള്‍ വില്‍ക്കുന്നതിന് വിലക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.