Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

സാമ്പത്തിക തളർച്ചയിൽനിന്നും കരകയറാനാകാതെ ചൈന; ക്രൂഡോയിൽ വിപണിയിൽ ഇടിവ്

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിൽ ഇടിവ്. വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ പ്രധാനപ്പെട്ട രണ്ട് ക്രൂഡോയിൽ അടിസ്ഥാന സൂചികകളും നഷ്ടം രേഖപ്പെടുത്തിയാണ് ക്ലോസ് ചെയ്തത്. 2023 ഒക്ടോബർ – ഡിസംബർ പാദത്തിൽ ലോകത്തെ ഏറ്റവും വലിയ ക്രൂഡോയിൽ ഉപഭോക്താവ് കൂടിയായ ചൈനയു‌ടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിനേക്കാളും താഴ്ന്ന നിലവാരത്തിൽ ആയതാണ് ക്രൂഡോയിൽ വിപണിയിൽ തിരിച്ചടിയായത്.നാലാം സാമ്പത്തിക പാദത്തിൽ ചൈനീസ് സമ്പദ്ഘടനയിൽ തളർച്ച തുടർന്നതിനാൽ, 2024ൽ ക്രൂഡോയിൽ ആവശ്യകത ഉയരാമെന്ന നിഗമനത്തോടെ ഐഇഎ (രാജ്യാന്തര എനർജി ഏജൻസി) പുറത്തുവിട്ട അനുമാന റിപ്പോർട്ടിനെ കുറിച്ച് ഒരുവിഭാഗം നിക്ഷേപകർ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ചൈനയിലെ ഓഹരി വിപണി അഞ്ച് വർഷ കാലയളവിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോൾ വ്യാപാരം ചെയ്യപ്പെടുന്നത്.ഏറ്റവും കൂടുതൽ വ്യാപാരം ചെയ്യപ്പെടുന്ന ക്രൂഡോയിൽ കോൺട്രാക്ടുകളിൽ ഇന്നലെ നഷ്ടം രേഖപ്പെടുത്തിയെങ്കിലും ആഴ്ച കാലയളവിൽ വർധന കുറിച്ചാണ് ക്ലോസിങ്. ബ്രെന്റ് ക്രൂഡോയിൽ ഫ്യൂച്ചേഴ്സ് കോൺട്രാക്ട് 0.69 ശതമാനം താഴ്ന്ന 78.56 ഡോളറിലും യുഎസ് ഡബ്ല്യുടിഐ ക്രൂഡോയിൽ ഫ്യൂച്ചേഴ്സ് കോൺട്രാക്ട് 0.91 ശതമാനം താഴ്ന്ന് 73.41 ഡോളറിലുമാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

Leave A Reply

Your email address will not be published.