രാജ്യത്ത് വാഹന ഇന്ധനങ്ങളുടെ നിരക്ക് വെട്ടിക്കുറച്ചേക്കുമെന്ന സൂചനയുമായി കേന്ദ്രസർക്കാർ. നിർണായക ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനത്തിന് കേവലം മൂന്ന് മാസത്തിൽ താഴെ മാത്രം സമയമുള്ളപ്പോഴാണ് സാധാരണക്കാരന് വമ്പൻ ആശ്വാസമേകുന്ന നടപടി ഉണ്ടായേക്കുമെന്ന സൂചന കേന്ദ്രസർക്കാർ നൽകിയത്. പെട്രോൾ, ഡീസൽ നിരക്കുകൾ ഗണ്യമായ തോതിൽ താഴ്ത്തുന്നത് സജീവമായി പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞതായി ന്യൂസ്18 റിപ്പോർട്ട് ചെയ്തു.ഒരു ലിറ്റർ പെട്രോളിന് 10 രൂപ വരെയെങ്കിലും കേന്ദ്രസക്കാർ കുറവ് വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഇടിഞ്ഞതും കഴിഞ്ഞ മാസങ്ങളിൽ രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം താഴ്ന്നു നിൽക്കുന്നതും പരിഗണിച്ചാണ് നടപടി. 2022 മേയ് മാസത്തിൽ പെട്രോളിന് 6 രൂപയും ഡീസലിന് 8 രൂപയും വീതം എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചിരുന്നു. എന്തായാലും വീണ്ടും വാഹന ഇന്ധന നിരക്ക് കുറയ്ക്കുന്നതിന്റെ തീരുമാനം വൈകാതെ ഉണ്ടായേക്കുമെന്നാണ് വിവരം.സൂയസ് കനാൽ മുഖേനയുള്ള ചെങ്കടൽ കപ്പൽ പാതയിലൂടെ സർവീസ് നടത്താൻ തയ്യാറാണെന്ന് കൂടുതൽ ഷിപ്പിങ് കമ്പനികൾ പ്രഖ്യാപിച്ചതോടെ ക്രൂഡോയിൽ വിപണിയിലും തിരയിളക്കം. ഏറ്റവും കൂടുതൽ വ്യാപാരം ചെയ്യപ്പെടുന്ന ക്രൂഡോയിൽ ഡെറിവേറ്റീവ് കോൺട്രാക്ടുകളിൽ മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തി. സൂയസ് കനാലിലൂടെയുള്ള സമുദ്രപാത വീണ്ടും സജീവമാകുന്നതോടെ ക്രൂഡോയിൽ/ ഉത്പന്ന വിതരണത്തെ കുറിച്ചുള്ള ആശങ്ക മായുന്നതാണ് വില ഇടിവിലേക്ക് നയിച്ചത്.