സംസ്ഥാനത്ത് മാംസത്തിന് റെക്കോഡ് വില. ബീഫും മട്ടനും പോർക്കും ചരിത്രത്തിലെ ഏറ്റവും കൂടിയ വിലനിലവാരത്തിലാണ്. ചിക്കൻ വിലയും ദിനംപ്രതി കുതിച്ചുയരുന്നു. കോട്ടയത്തെ മാർക്കറ്റിൽ ഒരു കിലോ മട്ടന്റെ വില 750 രൂപയില്‍ നിന്ന് 800 രൂപയായി. ബീഫിന്റെ വില 400 രൂപയിൽ നിന്ന് 440 രൂപയിലേക്കാണ് വര്‍ധിച്ചത്.പന്നിയിറച്ചിക്ക് കിലോയ്ക്ക് 240 രൂപയായിരുന്നത് ഒറ്റയടിക്ക് 380 രൂപയായാണ് വർധിച്ചത്. ചിക്കൻ വില കിലോയ്ക്ക് 240ൽ നിന്ന് 290 രൂപയായി. ലൈവ് ചിക്കന് 140 രൂപയിൽ നിന്ന് 182 രൂപയായി ഉയർന്നു. താറാവ് ഇറച്ചി വില 320 രൂപയിൽ നിന്ന് 370 രൂപയായാണ് വർധിച്ചത്.ചൂട് കൂടിയതോടെ ഉത്പാദനം കുറഞ്ഞതും വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമെന്നാണ് വിവരം. കനത്ത ചൂടിൽ കോഴിക്കുഞ്ഞുങ്ങൾ ചത്തുപോകുന്നത് ഫാമുകളിൽ ഉത്പാദനത്തെ ബാധിച്ചു. വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതും തൂക്കം കാര്യമായി കുറയുന്നതിന് കാരണമായി.ഉത്തരേന്ത്യയിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വരവ് കുറഞ്ഞതോടെ ബീഫിന്റെ വില വർധിപ്പിക്കാൻ വ്യാപാരികൾ തീരുമാനിച്ചിരുന്നു. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കെത്തിക്കുന്നതിന്റെ ഭീമമായ ചിലവും വരവ് കുറയാൻ കാരണമായിട്ടുണ്ട്.കടൽക്ഷോഭത്തെ തുടർന്ന് മത്സ്യ ലഭ്യത കുറഞ്ഞതോടെയാണ് ചിക്കനും ബീഫും ഉൾപ്പെടെയുള്ളവയ്ക്ക് ആവശ്യക്കാർ കൂടിയത്. ഇതും വില വര്‍ധനവിന് കാരണമായി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യവരവ് കുറഞ്ഞതും വിലക്കയറ്റത്തിനിടയാക്കി.ഇതിനിടെ ഇടിത്തീയായി കഴിഞ്ഞ ദിവസങ്ങളിൽ പച്ചക്കറി വിലയും കുതിച്ചുയർന്നു. ഈ സാഹചര്യത്തിൽ സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റുമെന്നുറപ്പാണ്.