കൊല്ലം ഓയൂർ ഓട്ടുമലയിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ചു നൽകിയെന്നു സംശയിക്കുന്ന ചാത്തന്നൂർ ചിറക്കര സ്വദേശിയെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. ഇയാളടക്കം കുറച്ചുപേർ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിനാണ് വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ചു നൽകിയത്.കഴിഞ്ഞദിവസം മൂന്നുപേരുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രങ്ങൾ തയ്യാറാക്കിയത്. പ്രതികൾക്ക് കാര്‍ വാടകയ്ക്ക് നൽകിയെന്ന് കരുതപ്പെടുന്ന ആളാണ് പൊലീസ് കസ്റ്റഡിയിലെടുത്ത ചിറക്കര സ്വദേശിയെന്ന് വിവരമുണ്ട്. ഇയാളെ കഴിഞ്ഞദിവസം തന്നെ ചോദ്യം ചെയ്ത് വിട്ടയച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു.കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ ഡ്രൈവർ, വീട്ടിനകത്ത് കുഞ്ഞിനെ പരിചരിച്ച സ്ത്രീ (തലയിൽ വെള്ള ഷാളിട്ടയാൾ), കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവിട്ട സ്ത്രീ എന്നിവരുടെ ചിത്രങ്ങളാണ് പൊലീസ് വരപ്പിച്ചിരിക്കുന്നത്. ഓടിട്ട വീട്ടിലാണ് തന്നെ താമസിപ്പിച്ചതെന്നാണ് കുഞ്ഞ് പറഞ്ഞിരുന്നു.അതെസമയം നഴ്സിങ് മേഖലയിലെ വിദേശ റിക്രൂട്ട്മെന്റുകളുമായി ബന്ധപ്പെട്ടും അന്വേഷണങ്ങൾ നടക്കുന്നുണ്ട്. തട്ടിക്കൊണ്ടു പോകലിനു പിന്നിൽ കോടികളുടെ ഇടപാടുകളുടെ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.