ബെംഗളൂരു: കർണാടക സ്വദേശി അരുൺ യോഗിരാജ് കൊത്തിയെടുത്ത രാം ലല്ല വിഗ്രഹം അയോധ്യയിലെ രാമക്ഷേത്രത്തിൽ സ്ഥാപിക്കും.
ഇതുസംബന്ധിച്ച് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി, കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ എന്നിവര്‍ അടക്കമുള്ളവർ എക്സ് പ്ലാറ്റ് ഫോമിൽ പോസ്റ്റ് ചെയ്തു.
എന്നാൽ തനിക്ക് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങൾ വഴി ബി.ജെ.പി. നേതാക്കൾ സംസാരിക്കുമ്പോഴാണ് ഈ കാര്യം അറിയുന്നതെന്നുമായിരുന്നു യോഗിരാജിന്റെ പ്രതികരണം.
കേദാർനാഥിൽ സ്ഥാപിച്ച ആദി ശങ്കരാചാര്യയുടെ പ്രതിമയും ന്യൂ ഡൽഹിയിൽ ഇന്ത്യ ഗേറ്റില്‍ സ്ഥാപിച്ച സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമയും നിർമ്മിച്ചത് യോഗിരാജ് ആണ്.
ശിൽപ്പി കുടുംബത്തിലായിരുന്നു യോഗിരാജിന്റെ ജനനം.
11 വയസുമുതൽ അദ്ദേഹം പിതാവിനെ ശിൽപ്പ നിർമ്മാണത്തിൽ സഹായിച്ചിരുന്നു. പിന്നീട് എം.ബി.എ. ബിരുദം നേടി.
കുറച്ചു കാലം സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത യോഗിരാജ് പിന്നീട് പിതാവിന്റെ വഴിയെ ശിൽപ്പങ്ങളുടെ നിർമ്മാണത്തിലേക്ക് തിരിയുകയായിരുന്നു.