പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പുകൾക്കും തർക്കങ്ങൾക്കും വിരാമമിട്ടുകൊണ്ട് അയോധ്യയിൽ ഇന്ന് രാമക്ഷേത്രം (Ayodhya Ram Mandir) യാഥാർത്ഥ്യമാകും. രാം ലല്ല പ്രതിഷ്ഠാ ചടങ്ങുകൾക്ക് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ അയോധ്യ ഉത്സവ പ്രതീതിയിലാണ്. ദിയകൾ കത്തിച്ചു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൂക്കൾ അലങ്കരിച്ചു, പുതിയ രാമക്ഷേത്രത്തിനകത്തും പുറത്തും സുരക്ഷാ ബാരിക്കേഡുകൾ, പ്രത്യേക ക്ഷണിതാക്കളെയും വിശിഷ്ടാതിഥികളെയും സെലിബ്രിറ്റികളെയും കാത്ത് 8,000 ത്തോളം കസേരകൾ. ഇതാണ് അയോധ്യയിലെ ഇപ്പോഴത്തെ കാഴ്ച്ച. ഉച്ചയ്ക്ക് 12 ന് ശേഷം ആരംഭിക്കുന്ന പ്രാൺ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി അതിഥികൾ ഒഴുകിയെത്തിയപ്പോൾ ക്ഷേത്രനഗരം ഉത്സവ പ്രതീതിയിലായി. ചടങ്ങിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10.45ന് അയോധ്യയിൽ എത്തുമെന്നും 10.55ന് രാമജന്മഭൂമി ക്ഷേത്രത്തിൽ എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ സമയക്രമം നിശ്ചയിച്ചതായി അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് 12.05 മുതൽ 12.55 വരെ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ഉച്ചയ്ക്ക് 1 നും 2 നും ഇടയിൽ പ്രധാനമന്ത്രി ഒരു പൊതുപരിപാടിയിലും പങ്കെടുക്കും.