ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ വാഹനവ്യൂഹത്തിന് നേരെ കാങ്‌പോക്പി ജില്ലയില്‍ വെച്ച് സായുധ സംഘത്തിന്റെ ആക്രമണം. മുഖ്യമന്ത്രിയുടെ സുരക്ഷാ സേനയുടെ വാഹനങ്ങള്‍ക്ക് നേരെ ഒന്നിലധികം തവണ അക്രമിസംഘം ഒളിഞ്ഞിരുന്ന് വെടിയുതിര്‍ക്കുകയായിരുന്നു എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇംഫാലില്‍ നിന്ന് ജിരിബാം ജില്ലയിലേക്ക് പോകുകയായിരുന്ന വാഹനവ്യൂഹം രാവിലെ 10.30 ഓടെ ദേശീയ പാത-37 ല്‍ വെച്ചാണ് ആക്രമണത്തിന് ഇരയായത്. അക്രമസംഭവങ്ങള്‍ നടന്ന ജിരിബാം ജില്ലയിലെ ബിരേന്‍ സിംഗിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് അക്രമം. സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമികള്‍ക്ക് നേരേയും വെടിയുതിര്‍ത്തതായാണ് വിവരം. അതിനിടെ ദേശീയപാത 53 ന്റെ ഒരു ഭാഗത്ത് കോട്ലെന്‍ ഗ്രാമത്തിന് സമീപം ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.