കാസറഗോഡ്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിന്റെ ഭീഷണിയെ തുടർന്ന്
പത്താംക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയെ
കുരുക്കിലാക്കിയത് പെൺകുട്ടിയുടെ മരണമൊഴി. താനുമായുള്ള ബന്ധം
ഉപേക്ഷിച്ചാൽ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പ്രതിയായ
അൻവര്‍ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി നൽകിയ മരണമൊഴി പറയുന്നു.
പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി മരണമൊഴിയിൽ
പറഞ്ഞു.വിഷം കഴിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കാസറഗോട്ടെ
16കാരി മരണമടഞ്ഞത്. തന്നെ ശല്യം ചെയ്ത മുഴുവൻ പേരെകുറിച്ചും പെൺകുട്ടി
ബന്ധുക്കളോട് വെളിപ്പെടുത്തിയിരുന്നു. ഇത് മരണമൊഴിയിലും പെൺകുട്ടി
ആവർത്തിച്ചു. കേസിൽ അൻവർ, സാഹില്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ്
ചെയ്തത്. ആരോപണ വിധേയരായ കൂടുതൽ പേരെ കുറിച്ച് പൊലീസ് അന്വേഷണം
നടത്തുകയാണ്.കഴിഞ്ഞ ചൊവ്വാഴ്ച വെകീട്ടാണ് പെൺകുട്ടിയെ വിഷം കഴിച്ച നിലയിൽ
ബദിയടുക്കയിലെ വീട്ടിൽ കണ്ടെത്തിയത്. മംഗളൂരുവിലെ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു. ഇവിടെ നിന്നാണ് പോലീസ് മരണമൊഴിയെടുത്തത്. പിന്നീട്
പെൺകുട്ടിയെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല.
ഇന്നലെ പുലർച്ചെയോടെ പെൺകുട്ടി മരണമടഞ്ഞു.