കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം
പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ കൊല്ലം പോർട്ടിന്റെ പ്രസക്തി
വർധിക്കുകയാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളത്തിലെ ഏറ്റവും പഴയ
തുറമുഖങ്ങളിൽ ഒന്നുകൂടിയായ കൊല്ലം പോർട്ടിനെ ഏറ്റവു പ്രധാനപ്പെട്ട നോൺമേജർ
തുറമായി വികസിപ്പിക്കുമെന്നും ധനമന്ത്രി സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു.കൊല്ലം
തുറമുഖത്തിന് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ അനുശാസിക്കുന്ന
ഐസിപിഎസ് കോഡ് സർട്ടിഫിക്കേഷൻ ഇതിനകം ലഭിച്ചിട്ടുണ്ട്. കസ്റ്റംസ്
ക്ലിയറൻസും എമിഗ്രേഷൻ ചെക്ക് പോയിന്റ് സ്റ്റാറ്റസും ലഭിക്കുന്നതിനുള്ള നടപടികൾ
അന്തിമ ഘട്ടത്തിലാണ്. പ്രകൃതിദത്തമായി 7.3 മീറ്റർ ആഴമുള്ള കൊല്ലം
തുറമുഖത്തിന്റെ ആഴം വർധിപ്പിച്ചും പുതിയ വാർഫുകൾ നിർമിച്ചും മറ്റ് അനുബന്ധ
പശ്ചാത്തല സൗകര്യങ്ങൾ സജ്ജീകരിച്ചുമാണ് കൊല്ലം തുറമുഖത്തെ പ്രധാന
നോൺമേജർ തുറമുഖമായി ഉയർത്തുന്നതിനു സർക്കാർ ലക്ഷ്യമിടുന്നതായും ധനമന്ത്രി
പറഞ്ഞു.അതേസമയം ചരക്ക് നീക്കത്തിനും ഗതാഗതത്തിനും വിനോദ
സഞ്ചാരത്തിനും ഊന്നൽ നൽകിക്കൊണ്ട് അഴീക്കൽ, ബേപ്പൂർ, ആലപ്പുഴ, പൊന്നാനി
തുറമുഖങ്ങളുടെ സമഗ്രമായ അടിസ്ഥാന സൗകര്യ വികസനത്തിനായി 39.20 കോടി
രൂപ വകയിരുത്തി. അതുപോലെ നീണ്ടകര, വലിയതുറ, കായംകുളം, മനക്കോടം,
മുനമ്പം – കൊടുങ്ങല്ലൂർ, തലശേരി, കോഴിക്കോട്, കണ്ണൂർ, ചെറുവത്തൂർ – നീലേശ്വരം,
കാസറഗോഡ്, മഞ്ചേശ്വരം എന്നിവടങ്ങളിലെ ചെറുകിട തുറമുഖങ്ങളുടെ അടിസ്ഥാന
സൗകര്യ വികസനത്തിനായി 5 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായും ധനമന്ത്രി
പറഞ്ഞു.