നടൻ ടൊവിനോ തോമസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ആക്ഷൻ വീഡിയോ വൈറലാകുന്നു. നിൻജ യോദ്ധാവായി വാളുമായി ടൊവിനോ നടത്തുന്ന ആയോധന പരിശീലന മുറ അമ്പരപ്പിക്കുന്ന മെയ്‌വഴക്കമാണ് കാണിക്കുന്നത്. മിന്നൽ മുരളിയിലും, തല്ലുമാലയിലുമെല്ലാം നമ്മൾ കണ്ടുപരിചയിച്ച ടൊവിനോയുടെ ഫൈറ്റുകളേക്കാൾ ഇതിന് വലിയ വ്യത്യാസമുണ്ട്.പ്രധാനമായും വാൾ പയറ്റ് കേന്ദ്രീകരിച്ചുള്ള ഈ ആയോധന രീതിയിൽ കാലുകൾ കൊണ്ടുള്ള കിക്കുകൾക്കും ഏറെ പ്രാധാന്യമുണ്ട്. കാൽമുട്ടിലിഴഞ്ഞും കരണം മറിഞ്ഞും നേരിടാനും ചുറ്റുമുള്ള എതിരാളികളെ വേഗം കൊണ്ടും കീഴടക്കാനും നിൻജ വാരിയറിന് കഴിയും. അസാമാന്യമായ ബോഡി ബാലൻസിങ്ങ് ആണ് ഇതിന് അവരെ സഹായിക്കുന്നത്.
ഇടുങ്ങിയൊരു മുറിയിൽ നിന്നാണ് ടൊവിനോയുടെ ഈ അഭ്യാസം മുഴുവൻ. സ്ഥലപരിമിതിയും ഉയരക്കുറവും പരമാവധി അഡ്ജസ്റ്റ് ചെയ്താണ് താരം അതിശയിപ്പിക്കുന്ന മെയ്‌വഴക്കം പുറത്തെടുത്തത്. ‘നിൻജ ട്രെയ്നിങ്: ബനാന പീലിങ്ങ് എന്നെന്നേക്കും ഒഴിവാക്കുന്നു’ എന്ന രസികൻ അടിക്കുറിപ്പാണ് ടൊവിനോ നൽകിയിരിക്കുന്നത്.അതേസമയം, ഇത് ഏത് സിനിമയ്ക്ക് വേണ്ടിയുള്ളതാണെന്ന സംശയമാണ് ആരാധകർ ഉയർത്തിയത്. എന്തായാലും ടൊവിനോ ആളൊരു കില്ലാഡി തന്നെയാണെന്നാണ് വീഡിയോ കണ്ടവരിൽ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.