കൊച്ചി : ആലുവയിൽ അതിഥിത്തൊഴിലാളിയുടെ അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനു (28) വധശിക്ഷയും 5 ജീവപര്യന്തവും.
വിചാരണ പൂർത്തിയാക്കി നൂറ്റിപ്പത്താം ദിവസമാണ് പോക്‌സോ പ്രത്യേക കോടതി ജഡ്ജി കെ.സോമൻ പ്രതിക്ക് ശിക്ഷ വിധിച്ചത്. തെളിവു നശിപ്പിച്ചതിന് അഞ്ചു വർഷം തടവ്, കുട്ടിക്ക് ലഹരിപദാർഥം നൽകിയതിന് മൂന്നു വർഷം തടവ്, പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ജീവപര്യന്തം തടവ്, കൊലപാതകത്തിനും കൊച്ചുകുട്ടിയെ ബലാത്സംഗം ചെയ്തതിനും വധശിക്ഷ.
ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ. പോക്‌സോ കേസിൽ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്.
പോക്സോ നിയമം പ്രാബല്യത്തിലായതിന്റെ 11–ാം വാർഷികത്തിൽ ഇതുപ്രകാരമുള്ള ആദ്യ വധശിക്ഷ. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നും പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി.
പ്രതി സമൂഹത്തിനാകെ ഭീഷണിയെന്നും കോടതി പറഞ്ഞു.
ശിശുദിനത്തിലാണു കോടതി വിധി പറഞ്ഞിരിക്കുന്നത്. വധശിക്ഷ ലഭിക്കാവുന്ന 4 കുറ്റങ്ങള്‍ പ്രതിക്കുമേല്‍ സ്ഥാപിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിരുന്നു.
പ്രതി ചെയ്ത കുറ്റം അത്യപൂര്‍വമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. വിധി കേള്‍ക്കാന്‍ കുട്ടിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.
വധശിക്ഷ നല്‍കണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
ഗുരുതര സ്വഭാവമുള്ള 3 പോക്‌സോ കുറ്റങ്ങള്‍ അടക്കം കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ13 കുറ്റങ്ങള്‍ കോടതിയും ശരിവച്ചിരുന്നു.
പ്രതിയുടെ പ്രായക്കുറവ്, മാനസാന്തരപ്പെടാനുള്ള സാധ്യത എന്നിവ ചൂണ്ടിക്കാട്ടിയാണു പ്രതിഭാഗം വധശിക്ഷ ഒഴിവാക്കാനുള്ള വാദം നടത്തിയത്.
ജൂലൈ 28 നാണു കുറ്റകൃത്യം നടന്നത്. അന്നു രാത്രി തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു റെക്കോര്‍ഡ് വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
അതീവ ഗൗരവമുള്ള കേസായി പരിഗണിച്ച് അതിവേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു. അസഫാക് ആലം മാത്രമാണ് കേസിലെ പ്രതി.