തോല്‍വി ഒരിക്കലും ജീവിതത്തിന്റെ പൂര്‍ണവിരാമമല്ല. തോല്‍വിയും വിജയവുമെല്ലാം ജീവിതത്തിലുണ്ടാകും. തോല്‍വി മറികടന്നുള്ള വിജയത്തിന് മാധുര്യമേറും. തോല്‍വി എഫ്‍സിയും അതാണ് പറയുന്നത്. തോല്‍വി എഫ്‍സി വെറുമൊരു ഉപദേശ കഥയായിട്ടല്ല കാണാനാകുക. വിരതയൊട്ടുമില്ലാതെ ഒരു ഫീല്‍ ഗുഡ് സിനിമയായിട്ടാണ് ഷറഫുദ്ദീൻ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്ന തോല്‍വി എഫ്‍സി അനുഭവപ്പെടുക. ജോര്‍ജ് കോരയും പ്രധാന വേഷത്തിലെത്തിയ ചിത്രം സുകുടുംബം ആസ്വദിച്ച് കാണാവുന്ന ഒന്നാണെന്ന് കണ്ടിറങ്ങുന്നവരുടെ മുഖത്തെ നിറഞ്ഞ ചിരി സാക്ഷ്യപ്പെടുത്തുന്നു.ഓഹരിക്കച്ചവടത്തില്‍ ഭ്രമമുള്ള ഗൃഹനാഥനാണ് കുരുവിള. ഒരു ജോലിയുമെടുക്കാതെ ഭാഗ്യം പ്രതീക്ഷിക്കുന്ന കഥാപാത്രമായ കുരുവിള കേന്ദ്ര സ്ഥാനത്താണ്. പക്ഷേ പലപ്പോഴും കുരുവിള പരാജയപ്പെടുകയാണ്. വലിയ നഷ്‍ടമുണ്ടാകുന്നു. വീട്ടില്‍ നിന്ന് പുറത്താക്കപ്പെടുന്നു. മകന്റെ അടുത്തേയ്‍ക്കാണ് കുരുവിള എത്തുന്നത്. മകനാകട്ടെ എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച് തന്റെ സ്റ്റാര്‍ട്ട് അപ്പിന്റെ വിജയം സ്വപ്‍നം കണ്ടിരിക്കുന്നയാളാണ്.