ചെന്നൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ക്ലൗഡ്, ഡാറ്റ സയന്‍സ്, മെഷീന്‍ ലേണിംഗ് മേഖലയില്‍ തമിഴ്നാട്ടിലെ 200,000 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ ഐടി ഭീമന്‍മാരായ ഒറാക്കിള്‍. ഒറാക്കിളും തമിഴ്നാട് സ്‌കില്‍ ഡവലപ്‌മെന്‍റ് കോര്‍പ്പറേഷനും ചേര്‍ന്നാണ് പരിശീലന പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്. ഐടി രംഗത്തെ ആധുനിക സാങ്കേതികവിദ്യകളില്‍ വിദ്യാര്‍ഥികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുകയും തൊഴിലിന് സജ്ജരാക്കുകയുമാണ് ഇതിന്‍റെ ലക്ഷ്യം.
ഭാവി ടെക് ലോകത്ത് കരുത്തരായ യുവ ഉദ്യോഗാര്‍ഥികളെ സൃഷ്ടിക്കുക എന്ന ലക്ഷ്യമിട്ട് തമിഴ്നാട്ടില്‍ വമ്പന്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് ഒറാക്കിള്‍. ക്ലൗഡ്, ഡാറ്റ സയന്‍സ്, എഐ തുടങ്ങിയ പുത്തന്‍ സാങ്കേതികരംഗങ്ങളില്‍ തമിഴ്നാട്ടിലെ രണ്ട് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം നല്‍കും എന്നാണ് ഒറാക്കിളിന്‍റെ ശ്രമം. ഒറാക്കിള്‍ തമിഴ്നാട് സ്‌കില്‍ ഡവലപ്‌മെന്‍റ് കോര്‍പ്പറേഷനുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ടിത പരിശീലനം നല്‍കാന്‍ തയ്യാറായിക്കഴിഞ്ഞു. നാന്‍ മുതല്‍വന്‍ എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ക്യാംപസുകളില്‍ പ്രത്യേക പാഠ്യപദ്ധതി അനുസരിച്ച് ഒറാക്കിള്‍ മൈലേണ്‍ പോലുള്ള ഒറാക്കിളിന്‍റെ തന്നെ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചു വിദഗ്ധ ട്രെയിനര്‍മാര്‍ മുഖേനയും വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. വിദ്യാര്‍ഥികള്‍ക്കും പ്രൊഷണലുകള്‍ക്കും ക്ലൗഡ് കമ്പ്യൂട്ടിംഗ്, എഐ, മെഷീന്‍ ലേണിംഗ് (എംഐ), ഡാറ്റ സയന്‍സ്, ബ്ലോക്ക് ചെയിന്‍ എന്നിവയില്‍ അടിസ്ഥാന പരിശീലനം നല്‍കുകയാണ് പദ്ധതിയിലൂടെ തമിഴ്‌നാടും ഒറാക്കിളും ലക്ഷ്യമിടുന്നത്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒറാക്കിള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഇത് തൊഴില്‍ മേഖലകളില്‍ ഉപയോഗിക്കാന്‍ കഴിയും. തമിഴ്നാട്ടിലെ 900ത്തിലേറെ കോളേജുകളിലെ 60000ത്തിലേറെ വിദ്യാര്‍ഥികള്‍ ഒറാക്കിളിന്‍റെ പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. എഞ്ചിനീയറിംഗ്, സയന്‍സ്, ആര്‍ട്‌സ് വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇവരിലുണ്ട്. കമ്പ്യൂട്ടർ ഹാർഡ്‌വെയറിന്‍റെയും സോഫ്റ്റ്‌വെയന്‍റെയും രൂപകല്പനയും നിർമാണവും വിതരണവും നടത്തുന്ന അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയാണ് ഒറാക്കിള്‍.