Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ടൂറിസ്റ്റ് സർവീസുകൾക്ക് ദിവസം 50,000 രൂപ വരുമാനം! കൂടുതൽ കളറാക്കാൻ എ സി പ്രീമിയം ബോട്ടുകൾ ഒരുങ്ങുന്നു

തിരുവനന്തപുരം: ജലഗതാഗത വകുപ്പിന്‍റെ പുതിയ അഞ്ച്‌ പ്രീമിയം എസി ബോട്ടുകൾ ഒരുങ്ങുന്നു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകളിൽ 20 സീറ്റാണ്‌ ഉണ്ടാകുക. മികച്ച യാത്രാസൗകര്യവും സുരക്ഷാക്രമീകരണങ്ങളും ബോട്ടുകളിലുണ്ടാകും. 20 സീറ്റുള്ള ബോട്ടുകൾ ആദ്യമാണ്‌ നിർമിക്കുന്നത്‌. ഇവയുടെ നിർമാണം ആലപ്പുഴയിൽ അന്തിമഘട്ടത്തിലാണ്‌. കൂടുതൽ ഗ്രാമമേഖലകളിലും ഇടതോടുകളിലും സഞ്ചരിക്കാനാണ്‌ ചെറിയ ബോട്ടുകൾ നിർമിക്കാൻ തീരുമാനിച്ചത്‌. നിലവിലെ ടൂറിസ്റ്റ്‌ സർവീസുകളായ സീ അഷ്‌ടമുടി, സീ കുട്ടനാട്‌, വേഗ, ഇന്ദ്ര എന്നിവക്ക്‌ ലഭിച്ച മികച്ച പ്രതികരണമാണ്‌ കൂടുതൽ ബോട്ടുകൾ രംഗത്തിറക്കാനുള്ള കാരണം. ദിവസം 50,000 രൂപയോളമാണ്‌ ഇവയുടെ ശരാശരി വരുമാനം. കൊല്ലത്തുനിന്ന്‌ ആരംഭിച്ച്‌ സാമ്പ്രാണിക്കോടി, മൺറോത്തുരുത്ത്‌, പെരുങ്ങാലം, പെരുമൺ, കാക്കത്തുരുത്ത്‌ വഴി അഷ്‌ടമുടി കായലിലൂടെയാണ്‌ സീ അഷ്‌ടമുടിയുടെ യാത്ര.
ആലപ്പുഴയിൽനിന്ന്‌ പുന്നമട, മുഹമ്മ, പാതിരാമണൽ, കുമരകം, ആർ ബ്ലോക്ക്‌, മാർത്താണ്ഡംകായൽ, ചിത്തിര കായൽ വഴിയാണ്‌ സീ കുട്ടനാടും വേഗയും സർവീസ്‌ നടത്തുന്നത്‌. കൊച്ചി കേന്ദ്രീകരിച്ച്‌ ഇന്ദ്രയും സർവീസ്‌ നടത്തുന്നു. ഇവയ്‌ക്കു പുറമേ പയ്യന്നൂർ കവ്വായി കായൽ കേന്ദ്രീകരിച്ചും ബോട്ടുകളുണ്ട്‌. 4–5 മണിക്കൂർ നീളുന്ന യാത്രയിൽ ഭക്ഷണം അടക്കമുണ്ട്‌.
കൂടുതൽ ഗ്രാമമേഖലകൾ ഉൾപ്പെടുന്ന റൂട്ടുകളിലാവും പുതിയ സർവീസ്‌. കേന്ദ്ര ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെയും മാരിടൈം ബോർഡിന്റെയും സുരക്ഷാമാനദണ്ഡങ്ങൾ അനുസരിച്ചാണ്‌ ഇവ നിർമിക്കുന്നത്‌. സൗരോർജം ലഭ്യമല്ലാത്ത സമയങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന ആധുനിക സജ്ജീകരണങ്ങൾ ബോട്ടിലുണ്ടാകും.

Leave A Reply

Your email address will not be published.