2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുമ്പോൾ, രാജ്യവ്യാപകമായി വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള മിക്ക സെലിബ്രിറ്റി സ്ഥാനാർത്ഥികളും ലീഡ് ചെയ്യുകയാണ്. ബിജെപിയുടെ സുരേഷ് ഗോപി, കങ്കണ റണൗത്ത്, ഹേമ മാലിനി എന്നിവർ അതത് മണ്ഡലങ്ങളിൽ മികച്ചു നിൽക്കുന്നു. കങ്കണയും സുരേഷും തങ്ങളുടെ എതിരാളികളേക്കാൾ 30,000 വോട്ടുകൾക്ക് മുന്നിട്ടുനിൽക്കുമ്പോൾ, സിറ്റിംഗ് എംപി ഹേമ മാലിനി (ബിജെപി, മഥുര) 1,00,000 വോട്ടുകൾക്ക് മുന്നിലാണ്. അതേസമയം, ടിഎംസിയുടെ ശത്രുഘ്നൻ സിൻഹ പിന്നിലാണ്.
ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ബിജെപിയുടെ കങ്കണ റണൗത്ത് മത്സരിച്ചപ്പോൾ, ഉത്തർപ്രദേശിലെ മീററ്റിൽ നടൻ അരുൺ ഗോവിലും തൃശൂരിൽ സുരേഷ് ഗോപിയുമാണ് ബി.ജെ.പി. സ്ഥാനാർത്ഥികൾ.ശത്രുഘ്നൻ സിൻഹയാകട്ടെ പശ്ചിമ ബംഗാളിലെ അസൻസോളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. മുകേഷ് (CPIM, കൊല്ലം), ജി കൃഷ്ണ കുമാർ (BJP, കൊല്ലം), രാധിക ശരത്കുമാർ (ബിജെപി, വിരുദുനഗർ), ലോക്കറ്റ് ചാറ്റർജി (ബിജെപി, ഹൂഗ്ലി), മനോജ് തിവാരി (ബിജെപി, വടക്കുകിഴക്കൻ ഡൽഹി), രവി കിഷൻ (ബിജെപി, ഗൊരഖ്പൂർ), പവൻ സിംഗ് (സ്വതന്ത്രൻ, കാരക്കാട്ട്), പവൻ കല്യാൺ (പിതാപുരം) എന്നിവരും ശ്രദ്ധേയരായ മറ്റ് സെലിബ്രിറ്റി സ്ഥാനാർത്ഥികളാണ്.