Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ഭാര്യയുടെ കാമുകനെന്ന് സംശയം: ഭര്‍ത്താവ് പതിയിരുന്ന് ആക്രമിച്ചു, കോട്ടയത്ത് യുവാവ് കൊല്ലപ്പെട്ടു

കോട്ടയം: കോട്ടയം വടവാതൂരിൽ ഭാര്യയുടെ കാമുകൻ എന്ന സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് ആക്രമിച്ചു. ആക്രമണത്തിൽ ബന്ധുവായ യുവാവ് കൊല്ലപ്പെട്ടു. ചെങ്ങളം സ്വദേശിയായ രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് റിജോയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 7:30 യോടു കൂടി വടവാതുർ കുരിശിന് സമീപം ആയിരുന്നു അക്രമ സംഭവങ്ങൾ ഉണ്ടായത്.
കോട്ടയം മണര്‍കാട് റോഡിലാണ് സംഭവ സ്ഥലം. കൊല്ലപ്പെട്ട രഞ്ജിത്ത് ഇന്നലെ സുഹൃത്തിനൊപ്പം വടവാതുർ കുരിശിന് സമീപം ബസിറങ്ങി. ഇവര്‍ മുന്നോട്ട് നടന്നുപോകുമ്പോൾ വഴിയിൽ പതിയിരുന്ന അജേഷ് ആയുധവുമായി ആക്രമിക്കുകയായിരുന്നു. റിജോയെ അജേഷ് വെട്ടുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതി രഞ്ജിത്തിനെ ആക്രമിച്ചത്. ഇതിനിടെ റിജോ സമീപത്തെ ആശുപത്രിയിലേക്ക് ഓടിക്കയറി. എന്നാൽ നിലത്തുവീണ രഞ്ജിത്തിനെ അജേഷ് പിന്നെയും ആക്രമിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോൾ അജേഷ് ഓടി. തൊട്ടടുത്ത ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം രഞ്ജിത്തിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.അജേഷിന് ഭാര്യയെ വലിയ സംശയമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഭാര്യക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് നാട്ടിലുള്ള പലരോടും ഇയാൾ തര്‍ക്കിച്ചിരുന്നു. സമാനമായ മാനസിക അവസ്ഥയിലാണ് ഇന്നലെയും ഇയാൾ ആക്രമണം അഴിച്ചുവിട്ടത്. പ്രതി അജേഷിൻ്റെ ഭാര്യയുടെ അമ്മാവന്റെ മകളുടെ ഭര്‍ത്താവാണ് കൊല്ലപ്പെട്ട രഞ്ജിത്ത്. സംശയ രോഗത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ മണ‍ര്‍കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.