കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎക്കുമെതിരെ ജാമ്യമില്ലാ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. കേസെടുക്കാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി. മേയറുടെ സഹോദരൻ, സഹോദര ഭാര്യ എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു.
തന്റെ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിനെതിരെയാണ് യദു കോടതിയെ സമീപിച്ചത്. ജോലി തടസപ്പെടുത്തിയതിന് മേയർക്കെതിരെയും ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിന് എംഎൽഎയ്ക്കെതിരെയുമാണ് യദു പരാതി കൊടുത്തിരിക്കുന്നത്.കഴിഞ്ഞ ദിവസം ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയില്‍ മേയർക്കും എംഎൽഎക്കുമെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ സിജെഎം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പൊലീസ് നടപടി. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കാനാണ് നിര്‍ദേശം.മേയറുമായി തർക്കമുണ്ടായതിന്റെ തൊട്ടടുത്തദിവസം യദു ഇരുവര്‍ക്കുമെതിരേ പരാതിയുമായി കന്റോണ്‍മെന്റ് സ്റ്റേഷനിലും സിറ്റി പൊലീസ് കമ്മീഷണറെയും കണ്ടിരുന്നു. എന്നാല്‍ യദുവിന്റെ പരാതി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് ശനിയാഴ്ച രാവിലെ യദു വഞ്ചിയൂര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു.മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഡ്രൈവർ നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ആര്യാ രാജേന്ദ്രൻ, സച്ചിൻദേവ്, കണ്ടാലറിയാവുന്ന രണ്ടു പേർ എന്നിവർക്കുമെതിരെയാണ് പരാതി. കേരള പൊലീസ്, കെഎസ്ആർടിസി എം ഡി അടക്കമുള്ളവർ ഒരാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു.