Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ആളില്ലാത്തവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അനിലയെ കാണാതായത് ശനിയാഴ്ച; വിളിച്ചുവരുത്തി കൊന്നതെന്ന് നിഗമനം

കണ്ണൂര്‍ പയ്യന്നൂരില്‍ 33കാരിയെ ആളില്ലാത്ത വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. മാതമംഗലം കോയിപ്ര സ്വദേശിനി അനില യെ സുഹൃത്തായ സുദര്‍ശനപ്രസാദ് എന്ന ഷിജു കൊലപ്പെടുത്തിയതാണെന്നാണ് സംശയം. കൃത്യം നടത്തിയതിന് പിന്നാലെ ഇയാള്‍ 22 കിലോമീറ്റർ അകലെയുള്ള ഇരൂളിലെ സ്വന്തം വീട്ടുവളപ്പില്‍ ജീവനൊടുക്കുകയായിരുന്നു.ഞായറാഴ്ച രാവിലെയാണ് പയ്യന്നൂര്‍ അന്നൂരിലെ വീട്ടില്‍ അനിലയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈ വീട്ടുകാര്‍ വിനോദ യാത്രയ്ക്ക് പോയതിനെ തുടര്‍ന്നാണ് വീട്ടുടമയുടെ സുഹൃത്തായ ഷിജു ഇവിടെയെത്തിയത്. വീട് നോക്കാനും വീട്ടിലെ രണ്ട് നായ്ക്കളെ പരിപാലിക്കാനും ഷിജുവിനെ വീട്ടുടമ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഷിജു സുഹൃത്തായ അനിലയെ ഇവിടേക്ക് വിളിച്ചുവരുത്തിയെന്നും തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമിക നിഗമനം.മുഖം വികൃതമായ നിലയിലാണ് അനിലയുടെ മൃതദേഹം അന്നൂരിലെ വീടിനുള്ളില്‍ കണ്ടെത്തിയത്. വായില്‍നിന്നടക്കം ചോരയൊലിച്ചനിലയില്‍ വീടിനുള്ളില്‍ നിലത്തുകിടക്കുന്ന
നിലയിലായിരുന്നു. അനിലയും ഷിജുവും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണെന്നാണ് വിവരം. രണ്ടുപേരും വിവാഹിതരാണ്. ഇരുവര്‍ക്കും രണ്ടുമക്കളുമുണ്ട്.അനിലയും ഷിജുവും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവരുടെ അടുപ്പവുമായി ബന്ധപ്പെട്ട് കുടുംബങ്ങളില്‍ പ്രശ്‌നങ്ങളുമുണ്ടായി. ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ബന്ധുക്കളടക്കം നിര്‍ബന്ധിച്ചു. തുടര്‍ന്ന് അനില ബന്ധത്തില്‍നിന്ന് പിന്മാറാന്‍ തയാറായെങ്കിലും ഷിജു ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചതായും വിവരങ്ങളുണ്ട്.മരിച്ച അനില മാതമംഗലത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ശനിയാഴ്ച അനിലയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പെരിങ്ങോം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച രാവിലെ യുവതിയെ അന്നൂരിലെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

Leave A Reply

Your email address will not be published.