ഇന്‍ഡസ്ട്രി എന്ന നിലയില്‍ ഏറ്റവും മികച്ച കാലത്തിലൂടെ കടന്നുപോവുകയാണ് മലയാള സിനിമ. മറുഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത വളരുന്നത് മലയാള സിനിമകളുടെ റെസ്റ്റ് ഓഫ് ഇന്ത്യ കളക്ഷനെ സമീപകാലത്ത് കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്സ്, ആടുജീവിതം ഇവ നേടിയ വലിയ വിജയങ്ങള്‍ക്കിപ്പുറം അടുത്ത ഫെസ്റ്റിവല്‍ സീസണ്‍ ആരംഭിച്ചിട്ടുണ്ട് മോളിവുഡ്. വിഷു, ഈദ് റിലീസുകളായി മൂന്ന് ചിത്രങ്ങള്‍ ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്.വിനീത് ശ്രീനിവാസന്‍റെ പ്രണവ് മോഹന്‍ലാല്‍- ധ്യാന്‍ ശ്രീനിവാസന്‍- നിവിന്‍ പോളി ചിത്രം വര്‍ഷങ്ങള്‍ക്കു ശേഷം, ജിത്തു മാധവന്‍റെ ഫഹദ് ഫാസില്‍ ചിത്രം ആവേശം, രഞ്ജിത്ത് ശങ്കറിന്‍റെ ഉണ്ണി മുകുന്ദന്‍ ചിത്രം ജയ് ഗണേഷ് എന്നിവയാണ് വിഷു, ഈദ് റിലീസുകളാണ് ഇന്നലെ തിയറ്ററുകളിലെത്തിയത്. പുതുചിത്രങ്ങള്‍ കാണാന്‍ കാണികള്‍ ആദ്യദിനം കാര്യമായി തിയറ്ററുകളില്‍ എത്തിയതോടെ കളക്ഷനില്‍ മോളിവുഡ് ഒരു റെക്കോര്‍ഡും ഇട്ടിട്ടുണ്ട്. മലയാള ചിത്രങ്ങള്‍ കേരളത്തില്‍ നേടുന്ന ഹയസ്റ്റ് സിംഗിള്‍ ഡേ കളക്ഷനാണ് ഇന്നലെ സംഭവിച്ചത്. ഇന്നലെ എത്തിയ വര്‍ഷങ്ങള്‍ക്ക് ശേഷം, ആവേശം, ജയ് ഗണേഷ് എന്നിവയ്ക്കൊപ്പം ആടുജീവിതവും ചേര്‍ന്നാണ് മലയാളത്തിന് ഈ നേട്ടം സമ്മാനിച്ചത്.നാല് ചിത്രങ്ങളും ചേര്‍ന്ന് കേരളത്തില്‍ നിന്ന് 9- 10 കോടി രൂപയാണ് ഇന്നലെ നേടിയതെന്ന് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നു. മലയാള ചിത്രങ്ങളെ സംബന്ധിച്ച് റെക്കോര്‍ഡ് ആണ് ഇതെങ്കിലും എല്ലാ ഭാഷാ ചിത്രങ്ങളും പരിഗണിക്കുമ്പോള്‍ കേരളത്തിലെ ഹയസ്റ്റ് സിംഗിള്‍ ഡേ കളക്ഷന്‍ വന്നത് 2023 ഒക്ടോബര്‍ 19 ന് ആണ്. വിജയ് ചിത്രം ലിയോ റിലീസ് ആയ ദിവസമായിരുന്നു അത്. 12 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം അന്ന് നേടിയത്. കെജിഎഫും ബീസ്റ്റും റിലീസ് ചെയ്യപ്പെട്ട 2022 ഏപ്രില്‍ 14 ആണ് കേരളത്തിലെ ഹയസ്റ്റ് സിംഗിള്‍ ഡേ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. 8.5 കോടിയാണ് ഈ ചിത്രങ്ങള്‍ ചേര്‍ന്ന് നേടിയത്. മലയാള സിനിമയെ സംബന്ധിച്ച് ഇന്നലെ കഴിഞ്ഞാല്‍ മലയാള സിനിമയുടെ ഏറ്റവും മികച്ച സിംഗിള്‍ ഡേ കളക്ഷന്‍ വന്നത് ഇക്കഴിഞ്ഞ ഫെബ്രുവരി 25 ന് ആയിരുന്നു. പ്രേമലുവും ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്സും തിയറ്ററുകളിലുണ്ടായിരുന്ന ദിവസം കേരളത്തില്‍ നിന്ന് അവ ആകെ നേടിയത് 8 കോടി ആണെന്നാണ് കണക്കുകള്‍.