കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിൽ നിന്ന് മത്സരിക്കില്ലെന്ന് റിപ്പോർട്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് രണ്ട് ലോക്സഭാ സീറ്റുകളിൽ രാഹുൽ ഇത്തവണ മത്സരിക്കാനാണ് സാധ്യതയെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. കര്‍ണാടകത്തിലേയോ തെലങ്കാനയിലോ ഒരു സീറ്റിൽ നിന്നാകും രാഹുൽ മത്സരിക്കുക. ഇതിന് പുറമെ ഉത്തർ പ്രദേശിലെ ഒരു സീറ്റിൽ നിന്നും ജനവിധി തേടും.കേരളത്തിലെ സീറ്റ് വിഭജന ചർച്ചകൾക്കിടയിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) ഇത്തവണ 2 സീറ്റിന് പകരം 3 സീറ്റുകൾ നൽകണമെന്ന് കോൺഗ്രസിൽ സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് ഏറ്റവും പുതിയ സംഭവവികാസം. വയനാട്ടിലെ വോട്ടർമാരിൽ ഭൂരിപക്ഷവും മുസ്ലിം സമുദായത്തിൽ നിന്നായതിനാൽ വയനാട്ടിൽ നിന്ന് മത്സരിക്കാനാണ് മുസ്ലിം ലീഗ് ആഗ്രഹിക്കുന്നത്.ഇതുകൂടാതെ ഇത്തവണ ആനി രാജയെയാണ് വയനാട്ടിൽ സിപിഐ മത്സരിപ്പിക്കുന്നത്. പാർട്ടി ജനറൽ സെക്രട്ടറി ഡി രാജയുടെ ഭാര്യ കൂടിയാണ് ആനിരാജ. മുന്നണിയിലെ പ്രധാന നേതാക്കൾ പരസ്പരം മത്സരിക്കുന്നത് ഇന്ത്യാ മുന്നണിയുടെ ഐക്യത്തിന് നല്ലതായിരിക്കില്ലെന്ന വിലയിരുത്തലും രാഹുലിന്റെ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം.