തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും നേരിടാൻ
എൽഡിഎഫ് സജ്ജമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 20
മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കാൻ എല്ലാ
ജനവിഭാഗങ്ങളെയും ഒറ്റക്കെട്ടായി അണിനിരത്തും. തെരഞ്ഞെടുപ്പിന് മുന്നോടിയായി
സിപിഐ ജില്ലാ പ്രവർത്തക യോഗങ്ങൾ ഉടൻ നടക്കുമെന്നും അദ്ദേഹം
പറഞ്ഞു.രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കാൻ തയ്യാറെടുക്കുന്ന കോൺഗ്രസ്
രാഷ്ട്രീയം മറക്കരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. രാഹുലിന്
രാജ്യത്ത് എവിടെയും മത്സരിക്കാൻ അവകാശമുണ്ട്. ഈ സമരത്തിന്റെ പ്രധാന കേന്ദ്രം
ബിജെപിക്ക് ആധിപത്യമുള്ള ഉത്തരേന്ത്യയാണോ കേരളമാണോയെന്ന് കോൺഗ്രസ്
വ്യക്തമാക്കണം.പ്രധാനമന്ത്രി വിളിച്ചാൽ വിരുന്നിന് പോകുന്ന രീതിയിലേക്ക്
യുഡിഎഫ് രാഷ്ട്രീയം മാറി. രാഷ്ട്രീയമായ കള്ളത്തരം കണ്ടുപിടിക്കുമ്പോഴുള്ള
ന്യായീകരണങ്ങളാണ് ഇപ്പോൾ എൻകെ പ്രേമചന്ദ്രൻ നടത്തുന്നത്. തൂക്ക് പാർലമെന്റ്
വരുന്ന സാഹചര്യമുണ്ടായാൽ ബിജെപിക്കുവേണ്ടി എംപിമാർക്ക് വിലയിടാൻ അദാനി
രംഗത്തിറങ്ങും. കേന്ദ്ര ഏജൻസികളും എംപിമാരെ തേടിയെത്തും. അങ്ങിനെ
വരുന്നവരോട് പോയി പണിനോക്കാൻ എൽഡിഎഫ് അംഗങ്ങൾ പറയും. അങ്ങിനെ
പറയാൻ പറ്റുന്ന എത്രപേർ യുഡിഎഫിലുണ്ടെന്നും ബിനോയ് വിശ്വം ചോദിച്ചു.
ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട മഹാസമരമാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ
നടന്നത്. ഇടതുപക്ഷം നടത്തുന്ന സമരത്തിന്റെ പ്രാധാന്യം മനസിലാക്കിയാണ് ഇന്ത്യയെ
തെക്കും വടക്കുമെന്ന് വിഭജിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന നരേന്ദ്ര മോദിയുടെ
പ്രസ്താവനയെന്നും ബിനോയ് വിശ്വം വിമർശിച്ചു.