കൊച്ചി: കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ഇനി ക്യൂ നിൽക്കാതെ ടിക്കറ്റ് എടുക്കാം. ഡിജിറ്റൽ ടിക്കറ്റിങും ഇ പേയ്മെൻ്റ്സും പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) വാട്സാപ്പിലൂടെ ടിക്കറ്റെടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ്.കെഎംആർഎല്ലിൻ്റെ 9188957488 എന്ന വാട്സാപ്പ് നമ്പർ വഴിയാണ് ഒരു മിനിറ്റിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം കൊണ്ടുവന്നിരിക്കുന്നത്. പൊതുജനങ്ങൾക്ക് ജനുവരി 10 മുതൽ വാട്സാപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?
- കെഎംആർഎല്ലിൻ്റെ 9188957488 എന്ന വാട്സാപ്പ് നമ്പർ ഫോണിൽ സേവ് ചെയ്യുക.
- വാട്സാപ്പ് വഴി ഈ നമ്പരിലേക്ക് ‘Hi’ എന്ന മെസേജ് ചെയ്യുക. ഇതോടെ നിർദേശങ്ങൾ ലഭിക്കും.
- ‘QR Ticket’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ‘Book Ticket’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- എൻട്രി, എക്സിറ്റ് സ്റ്റേഷനുകൾ തിരഞ്ഞെടുക്കുക.
- യാത്രക്കാരുടെ എണ്ണം തിരഞ്ഞെടുക്കുക.
- അനുയോജ്യമായ പേയ്മെൻ്റ് സംവിധാനം വഴി ടിക്കറ്റ് നിരക്ക് നൽകി ടിക്കറ്റ് ഉറപ്പാക്കാം.
- ടിക്കറ്റ് കാൻസൽ ചെയ്യണമെങ്കിൽ വീണ്ടും ‘Hi’ എന്ന മെസേജ് ചെയ്യാം.