കൊച്ചി: കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നാലുപേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തില്‍ പ്രിന്‍സിപ്പലിനെയും രണ്ട് അധ്യാപകരേയും പ്രതിചേര്‍ത്തു.
സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് പ്രിന്‍സിപ്പലായിരുന്ന ദീപക് കുമാര്‍ സാഹുവിനെ ഒന്നാം പ്രതിയാക്കി.
ടെക് ഫെസ്റ്റിന്റെ ചുമതലക്കാരായ ഗിരീഷ് കുമാരന്‍ തമ്പി, വിജയ് എന്നിവരാണ് മറ്റ് പ്രതികള്‍.
മനഃപൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. സര്‍വകലാശാല അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അധ്യാപകരെ പ്രതിചേര്‍ത്തത്.
ഇതുവരെ നടന്ന അന്വേഷണത്തില്‍ ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിനൊപ്പമാണ് അധ്യാപകരേയും പ്രതിചേര്‍ത്തുള്ള റിപ്പോര്‍ട്ടുള്ളത്.
സംഘാടനത്തില്‍ പിഴവുണ്ടായി. കാംപസില്‍ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് നേരത്തെ തന്നെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറപ്പെടുവിച്ചിരുന്നു.
അതിന്റെ പൂര്‍ണ്ണമായ ലംഘനമുണ്ടായി. പുറത്തുനിന്നുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ച് കാംപസില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ല, പരിപാടിയുടെ പേരില്‍ പണപ്പിരിവ് പാടില്ല, എന്നീ നിര്‍ദേശങ്ങളായിരുന്നു ഹൈക്കോടതി ഉത്തരവ് പ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗരേഖയില്‍ ഉണ്ടായിരുന്നത്. ഇത് ലംഘിക്കപ്പെട്ടു.
പരിപാടി നടക്കുമ്പോള്‍ ബാരിക്കേഡിങ് ഉണ്ടായില്ല.
ദുരന്തസാധ്യത മുന്‍കൂട്ടിക്കണ്ടുള്ള നിയന്ത്രണങ്ങള്‍ അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്.