പുത്തന്‍കുരിശ്: പുത്തൻകുരിശില്‍ ഡി.വൈ.എഫ്.ഐ., കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ.
പ്രവര്‍ത്തകരുമാണ് ഏറ്റുമുട്ടിയത്. ഒടുവില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച മുപ്പതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കോലഞ്ചേരിയിലേക്ക് പോകുമ്പോഴാണ് പുത്തന്‍കുരിശില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തത്.
സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. പിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിറകില്‍ മുപ്പതോളം ബൈക്കുകളില്‍ വരികയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇവര്‍ക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു.
പത്തുമിനിറ്റോളം ഇരുകൂട്ടരും പരസ്പരം വെല്ലുവിളിക്കുകയും കയ്യാങ്കളിയിലേക്ക് പോവുകയും ചെയ്തു.
ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷമാണ് പ്രശ്‌നം അവസാനിച്ചത്.
ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഡിവൈഎഫ്‌ഐകാര്‍ കൂക്കിവിളിക്കുകയും ചെയ്തു.
കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ പുത്തന്‍കുരിശ് പോലീസ് സ്‌റ്റേഷനിലേക്കാണ് മാറ്റിയത്. നിലവില്‍ പുത്തന്‍കുരിശില്‍ സംഘര്‍ഷാവസ്ഥ പൂര്‍ണമായി ഒഴിവായിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിക്കെതിരെയുണ്ടായ ഏറ്റവും വലിയ പ്രതിഷേധമാണ് പുത്തന്‍കുരിശില്‍ നടന്നത്.
മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് ജില്ലാ കോണ്‍ഗസ് നേതൃത്വം തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി തിരുവാങ്കുളം മുതല്‍ കോലഞ്ചേരി വരെയുള്ള ദൂരം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ വാഹനത്തിനു പിറകെ സഞ്ചരിച്ചിരുന്നു.