തിരുവനന്തപുരം: കൊവിഡിൻ്റെ പുതിയ ഉപവകഭേദം ‘ജെഎൻ.1′ കേരളത്തിൽ സ്ഥിരീകരിച്ചതായി കേന്ദ്രം. സംസ്ഥാനത്ത് കൊവിഡിൻ്റെ പുതിയ വകഭേദം കണ്ടെത്തിയതായി ഐസിഎംആർ വ്യക്തമാക്കി. 79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് കൊവിഡിൻ്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്. ആർടിപിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരണമുണ്ടായതെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ രാജീവ് ബഹൽ പറഞ്ഞു.ജെഎൻ.1’ സ്ഥിരീകരിച്ചെങ്കിലും തിരുവനന്തപുരം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഐസിഎംആറിന് കീഴിലുള്ള ലാബുകളുടെ കൺസോർഷ്യമായ ‘ഇൻസകോഗ്’ കൊവിഡ് പോസിറ്റീവ് സാമ്പിളുകളിൽ നടത്തിയ പരിശോധനയിലാണ് കേരളത്തിലെ ജെഎൻ1 സ്ഥിരീകരിച്ചത്. സിംഗപ്പൂരിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശിക്ക് നേരത്തെ ജെഎൻ1 കണ്ടെത്തിയിരുന്നു.പുതിയ വകഭേദം കണ്ടെത്തിയതോടെ കേന്ദ്രം കേരളത്തിലെ ആരോഗ്യവകുപ്പുമായി ആശയവിനമയം നടത്തി സാഹചര്യത്തിൽ വിലയിരുത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന ആരോഗ്യ അതോറിറ്റികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും വാർത്താക്കുറിപ്പിലൂടെ അധികൃതർ അറിയിച്ചു.