കൊച്ചി: എറണാകുളത്തെ കറുപ്പള്ളിയിലുള്ള ലോഡ്ജിൽ ഒന്നരമാസം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ രണ്ടുപേരെ എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിൻ്റെ മാതാവായ ആലപ്പുഴ സ്വദേശിനിയും ഇവരുടെ സുഹൃത്തായ കണ്ണൂർ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുഞ്ഞിൻ്റെ തലയോട്ടി തകർന്നുവെന്നു കണ്ടെത്തി. കുഞ്ഞിൻ്റെ മരണം കൊലപാതകമാണെന്ന സൂചനയുണ്ട്.ഈ മാസം ഒന്നിനാണ് കുഞ്ഞുമായി ഇരുവരും കറുപ്പള്ളിയിലുള്ള ലോഡ്ജിൽ മുറിയെടുത്തത്. ഞായറാഴ്ച രാവിലെയോടെ കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ് ഇവർ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തുകയായിരുന്നു. ആറുമണിക്ക് ഉറങ്ങി എഴുന്നേറ്റപ്പോൾ കുട്ടിക്ക് ശ്വാസമില്ലായിരുന്നുവെന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നത്. മരണം സ്ഥിരീകരിച്ച ആശുപത്രി അധികൃതർ കുട്ടിയുടെ ദേഹത്ത് മുറിവുകൾ കണ്ടെത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികത തോന്നിയതോടെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
പോസ്റ്റുമോർട്ടത്തിൽ കുഞ്ഞിൻ്റെ തലയോട്ടിക്ക് ക്ഷതമുള്ളതായി പോലീസ് കണ്ടെത്തി. കുഞ്ഞിൻ്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും പോലീസ് ചോദ്യംചെയ്തു വരികയാണ്. കുട്ടിയുടെ മരണം സംബന്ധിച്ച കാര്യത്തിൽ വ്യക്തത വരുത്തിയ ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പോലീസ് നൽകുന്ന വിവരം.