ന്യൂ ഡൽഹി: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് സെമിഫൈനലായാണ് രാഷ്ട്രീയ നിരീക്ഷർ ഉൾപ്പെടെ വിലയിരുത്തുന്നത്. മൂന്നാംവട്ടവും അധികാരത്തുടർച്ച ലക്ഷ്യമിട്ട് കേന്ദ്രത്തിൽ ഭരണം തുടരുന്ന ബിജെപിക്കും കേന്ദ്രഭരണം പിടിച്ചെടുക്കാൻ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രൂപീകരിച്ച ‘ഇന്ത്യ’ സഖ്യത്തിനും അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ ഹിന്ദി ഹൃദയഭൂമിയിലെ ഫലം ലോക്സഭ തെരഞ്ഞെടുപ്പിൽ നിർണായക പങ്കുവഹിക്കുമെന്നാണ് മുൻവർഷങ്ങളിലെ ഫലങ്ങൾ വ്യക്തമാക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന് കേവലം ആറുമാസത്തോളം മാത്രം ബാക്കിനിൽക്കെ നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പ് ആയതിനാലാണ് സെമിഫൈനൽ എന്ന് വിശേഷിപ്പിക്കുന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളാണ് വിധിയെഴുതിയത്. 1998 മുതൽ ലോക്സഭ തെരഞ്ഞെടുപ്പിന് ഏതാണ്ട് ഒരുവർഷം മുൻപേ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടന്നുവരുന്നുണ്ട്. 2003 മുതലാണ് ലോക്സഭ – നിയമസഭ തെരഞ്ഞെടുപ്പുകൾ തമ്മിലുള്ള അകലം ആറുമാസത്തിന് താഴേക്ക് കുറഞ്ഞത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ആറുമാസത്തിൽ താഴെ മാത്രമുള്ളപ്പോഴാണ് ഇക്കുറി അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.