ഒറ്റപ്പാലം: കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസിനെ അഭിനന്ദിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഒറ്റപ്പാലത്ത് നവ കേരള സദസ്സിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രതികളെ കണ്ടെത്തിയ പോലീസും ആഭ്യന്തരവകുപ്പും അഭിനന്ദനം അർഹിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.കാണാതായ കുട്ടിയെ കണ്ടെത്തുന്നതിനായി ശ്രമകരമായ അന്വേഷണം പോലീസ് നടത്തി. ഇത് വിജയം കണ്ടതിൽ സന്തോഷമുണ്ടെന്നും പിന്നീട് ഊർജിതമായ അന്വേഷണമാണ് പ്രതികൾക്ക് വേണ്ടി പോലീസ് നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.പ്രതികളെ കണ്ടുപിടിക്കുക എന്നത് വലിയ ദൗത്യം ആയിരുന്നു. ആദ്യത്തെ പ്രധാനപ്പെട്ട കാര്യം കുഞ്ഞിനെ കണ്ടുപിടിക്കുക എന്നതായിരുന്നു. കുഞ്ഞിനെ കണ്ടുപിടിക്കാൻ ആയത് നാടിനാകെ സന്തോഷകരമായി ഒപ്പം ആശ്വാസവും. സർക്കാരിനും ആഭ്യന്തരവകുപ്പിനും അഭിമാനകരമായ ഇടപെടലാണ് പൊലീസ് നടത്തിയത്. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ ഒരു മുന്നറിയിപ്പ് കൂടിയാവും ഇതെന്ന്’ മന്ത്രി പ്രതികരിച്ചു.
കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് പേരെയും അടൂരിലെ പൊലീസ് ക്യാമ്പിലെത്തിച്ചു. ചാത്തന്നൂര്‍ സ്വദേശികളായ പത്മകുമാര്‍ (52), ഭാര്യ കവിത, മകള്‍ അനുപമ എന്നിവരെയാണ് പൊലീസ് ഇന്നലെ പിടികൂടിയത്. കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപം പുളിയറയിലെ ഹോട്ടലില്‍ നിന്നാണ് ഉച്ചയ്‌ക്ക് 2.30 ഓടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.