ഈരാറ്റുപേട്ട: റോബിൻ ബസ് നടത്തിപ്പുകാരൻ പാലാ ഇടമറുക് സ്വദേശി ബേബി ഗിരീഷിനെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട് വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചെന്ന കേസിലാണ് നടപടി. പോലീസ് വീട്ടിലെത്തിയാണ് ബേബി ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. ദീർഘനാളായി നിലനിൽക്കുന്ന വാറണ്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ട്.ഉച്ചയോടെയാണ് പാലാ പോലീസ് സംഘം ഗിരീഷിൻ്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയത്. ലോറിയുടെ ഫിനാൻസുമായി ബന്ധപ്പെട്ട് എറണാകുളത്തെ കോടതിയിൽ 2012 മുതൽ നിലനിൽക്കുന്ന കേസിലാണ് നടപടി. കേസിൽ ലോങ് പെൻഡിങ് വാറണ്ട് എറണാകുളത്തെ കോടതിയിൽനിന്ന് എത്തിയിട്ടുണ്ടെന്നും ഇതിൽ അറസ്റ്റ് രേഖപ്പെടുത്തേണ്ടതുണ്ടെന്നുമാണ് പോലീസ് ഗിരീഷിനെ അറിയിച്ചത്. ഇതോടെ ഗിരീഷ് പോലീസുമായി സഹകരിക്കുകയായിരുന്നു. പാലാ സ്റ്റേഷനിൽ എത്തിച്ച ഗിരീഷിനെ വൈദ്യപരിശോധനയ്ക്ക് ശേഷം എറണാകുളത്തേക്ക് കൊണ്ടുപോയെന്നാണ് വിവരം.കേസിൽ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ട് ഒരാഴ്ചയായെന്നാണ് ഗിരീഷിൻ്റെ കുടുംബം പങ്കുവെക്കുന്നത്. കോടതി അവധി ദിവസമായ ഇന്നുതന്നെ വാറണ്ട് നടപ്പിലാക്കിയത് എന്തുകൊണ്ടാണെന്ന ചോദ്യം കുടുംബം ഉന്നയിക്കുന്നു. പോലീസിൻ്റേത് പ്രതികാര നടപടിയാണോയെന്ന് ജനം തീരുമാനിക്കട്ടെയെന്നാണ് ഭാര്യയുടെ പ്രതികരണം.