കൊച്ചി : കുസാറ്റിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. ഒരേസമയം കളമശ്ശേരി മെഡിക്കൽ കോളജിലും ജനറൽ ആശുപത്രിയിലുമാണ് പോസ്റ്റ്മോർട്ടം ക്രമീകരിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾ വീഡിയോയിൽ ചിത്രീകരിക്കും. പൊലീസ് ഫോറൻസിക് സർജനാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്.മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനു ശേഷം ഒമ്പതു മണിയോടെ കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ പൊതു ദർശനത്തിന് വെക്കും. സർവ്വകലാശാലയുടെ സിണ്ടിക്കേറ്റ് സബ് കമ്മറ്റിയുടെ അന്വേഷണം വൈസ് ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ചികിത്സാചെലവ് സർവ്വകലാശാല വഹിക്കുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.
“ദുരന്തമുണ്ടായ സാഹചര്യം മന്ത്രി പി രാജീവിനൊപ്പം നേരിട്ടെത്തി വിലയിരുത്തി. കളമശ്ശേരി മെഡിക്കൽ കോളേജിലെത്തി മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും ബന്ധുമിത്രാദികളെ സമാശ്വസിപ്പിച്ചു. തുടർ നടപടികളെക്കുറിച്ച് ധാരണയുണ്ടാക്കി. സർവ്വകലാശാലയിൽ നവംബർ 24, 25,26 തീയതികളിൽ സ്കൂൾ ഓഫ് എൻജിനീയറിങ് വിഭാഗം നടത്തിയ ടെക്നിക്കൽ ഫെസ്റ്റിൽ എക്സിബിഷൻ, ടെക്നിക്കൽ ടോക്സ്, എക്സ്പേർട്ട് ലക്ചേഴ്സ് എന്നിവയാണ് നടന്നത്. സമീപ കോളജുകളിലെ വിദ്യാർത്ഥികളും പങ്കെടുക്കുന്നതാണ് പരിപാടി.
ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നൽകുന്ന സംഗീതനിശ തുടങ്ങുന്നതിന് മുമ്പുതന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടി കാണാൻ പുറത്തുമുണ്ടായി. പരിപാടി ആരംഭിക്കാറായപ്പോൾ എല്ലാവരും അകത്തേക്ക് കയറുവാൻ ശ്രമിച്ചതാണ് ദുരന്ത കാരണമായത്. മഴ ആരംഭിച്ചതോടെ അകത്തേക്കുണ്ടായ തള്ളിക്കയറ്റത്തിൽ പടിയിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ വീണതിനു മീതെ മറ്റുള്ളവരും വീഴുന്ന ദുരവസ്ഥയുണ്ടായി. ഈ വീഴ്ചയിലാണ് ദുരന്തം സംഭവിച്ചത്”-മന്ത്രി അറിയിച്ചു.
മരിച്ചവരിൽ മൂന്നു പേർ കുസാറ്റ് വിദ്യാർത്ഥികളും ഒരാൾ പുറത്തുനിന്നുള്ള ആളുമാണ്. രണ്ടു വിദ്യാർത്ഥികൾ സ്വകാര്യ ആശുപത്രിയിൽ തീപ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും മന്ത്രി.