കൊച്ചി: കളമശേരിയിലെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യിൽ അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിൻ്റെ നടുക്കത്തിലാണ് കേരളം. ക്യാംപസിൽ നടന്ന ഗാനസന്ധ്യയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികളുടെ ജീവനാണ് നഷ്ടമായത്. രണ്ടുപേർ ജീവനുവേണ്ടി മല്ലിട്ട് ആശുപത്രി കിടക്കയിലാണ്. 51 പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്.രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി (21), നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത (21), താമരശേരി സ്വദേശി സാറാ തോമസ് (20), പുറത്തുനിന്ന് എത്തിയ പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. നാലുപേരുടെ ജീവനെടുത്ത ദുരന്തമുണ്ടായതറിഞ്ഞ് ക്യാംപസിലേക്ക് ഓടിയെത്തിയ പോലീസും നാട്ടുകാരും കണ്ടത് നെഞ്ചുപിടയുന്ന കാഴ്ച്ചകളായിരുന്നു.നിമിഷങ്ങൾക്ക് മുൻപുവരെ ക്യാംപസ് പരിസരത്ത് ആഹ്ലാദം മാത്രമായിരുന്നു. പാട്ട് പാടിയും നൃത്തം ചെയ്തും വിദ്യാർഥികൾ അത്ര മാത്രം സന്തോഷിക്കുന്ന നിമിഷങ്ങൾ. പിന്നീട് എത്തിയ അപകടം അവിടം ദുരന്ത ഭൂമിയാക്കി. പ്രതീക്ഷിക്കാതെ പെയ്ത മഴയിൽ പുറത്തുനിന്നവർ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറിയതോടെ ഒന്നിന് മീതെ മറ്റൊന്നായി അവിടെ കൂടിയവർ നിലത്ത് വീഴുകയായിരുന്നു. ഓഡിറ്റോറിയത്തിലെ ഗേറ്റ് തുറന്നതോടെ എല്ലാവരും ഒരുമിച്ചുവന്നുവെന്നും ഇതോടെ ആളുകൾ മേൽക്കുമേൽ വീഴുകയായിരുന്നുവെന്നും ദ്യക്സാക്ഷികൾ പറഞ്ഞു.