Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

സൗമ്യ വിശ്വനാഥൻ കൊലക്കേസ്; 4പ്രതികൾക്ക് ജീവപര്യന്തം, 15വ‌ർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വിധി

ദില്ലി: മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്‍റെ കൊലപാതക കേസില്‍ നാലു പ്രതികള്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. അ‌ഞ്ചാം പ്രതിക്ക് മൂന്നു വര്‍ഷം തടവും ഏഴു ലക്ഷം പിഴയും വിധിച്ചു. ദില്ലി സാകേത് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്രകുമാർ പാണ്ഡേയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. 2008 സെപ്റ്റംബർ 30നാണ് സൗമ്യയെ പ്രതികൾ വെടിവച്ചുകൊന്നത്. സൗമ്യ കൊല്ലപ്പെട്ട് 15 വർഷങ്ങൾക്കുശേഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ശിക്ഷാ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് സിംഗ്, അജയ് കുമാർ എന്നീ നാലു പ്രതികളെയാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തന് പുറമെ നാലു പ്രതികള്‍ക്ക് 1,25000 രൂപ പിഴയും വിധിച്ചു. അഞ്ചാം പ്രതിയായ അജയ് സേത്തിയെയാണ് മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചത്. കേസിൽ ഇരുകക്ഷികളുടെയും വാദം നേരത്തെ പൂർത്തിയായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. വിധി കേൾക്കാൻ സൗമ്യയുടെ മാതാവും മറ്റു കുടുംബാംഗങ്ങള്‍ കോടതിയിലെത്തിയിരുന്നു. സൗമ്യയുടെ മാതാപിതാക്കള്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് നീതിയെത്തുന്നത്. ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയതിനെതുടര്‍ന്ന് വിശ്രമത്തിലായിരുന്നതിനാല്‍ സൗമ്യയുടെ പിതാവ് കോടതിയിലെത്തിയിരുന്നില്ല. പരമാവധി വധശിക്ഷയോ, അതല്ലെങ്കിൽ ജീവപര്യന്തം തടവോ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ആദ്യ നാല് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. 15 വർഷം ഒരു ചെറിയ സമയമല്ലെന്നും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹമെന്നുമാണ് സൗമ്യയുടെ മാതാപിതാക്കള്‍ നേരത്തെ പ്രതികരിച്ചത്. വധശിക്ഷയ്ക്ക് ഞങ്ങൾ എതിരാണ്. അത് എളുപ്പത്തിലുള്ള രക്ഷപ്പെടലാകും അവർക്ക്. ഞങ്ങൾ അനുഭവിച്ചത് അവരും അറിയണമെന്നുമായിരുന്നു മാതാപിതാക്കളുടെ പ്രതികരണം.

Leave A Reply

Your email address will not be published.