തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സ് പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ആഡംബര ബസ് കേരളത്തിലേക്ക് പുറപ്പെട്ടു. ബെംഗളൂരുവിലെ ലാൽബാഗിൽ നിന്നും ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് കേരളത്തിലേക്ക് ബസ് പുറപ്പെട്ടു. നവകേരള സദസ് ആരംഭിക്കുന്ന ഇന്ന് പുലർച്ചെയോടെ ബസ് കാസർകോട് എത്തിക്കും.അതിനിടെ കെഎസ്ആർടിസി ബെൻസ് ആഡംബര ബസിന് ഇളവുകൾ പ്രഖ്യാപിച്ചുള്ള സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് നിർദ്ദേശിച്ചിരിക്കുന്ന കളർകോഡിൽ ഇളവു നൽകിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റ് കളറിൽ ഗോൾഡൻ ലൈനുകളോടെയുള്ള ഡിസൈനാണ് ബസ്സിനുള്ളത്. ബസിന് പുറത്ത് ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരള ടൂറിസത്തിന്റെ ടാഗ് ലൈനും നൽകിയിട്ടുണ്ട്.25 പേർക്ക് യാത്ര ചെയ്യാവുന്ന തരത്തിലുള്ള ബസിൽ വലിയ ആഡംബര സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മുൻനിരയിലെ കസേരയിൽ 180 ഡിഗ്രി തിരിയാൻ സാധിക്കുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്. അതിന് പുറമെ, നിർത്തിയിടുന്ന സമയത്ത് സ്പ്ലിറ്റ് എസി ഉപയോഗിക്കാൻ പുറത്തുനിന്നും വൈദ്യുതി കണക്ഷൻ നേടാൻ സാധിക്കും. കെഎസ്ആർടിസി എംഡി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇളവുകൾ നൽകിയിരിക്കുന്നത്.